Friday, October 25, 2024

ചിത്രാപൗര്‍ണ്ണമി നാളില്‍... മംഗളാദേവിയെ കാണാന്‍


         ഏറ്റവും സാധാരണമായതും, അങ്ങേയറ്റം വിരസവും മുഷിപ്പു നിറഞ്ഞതുമായ ഒരു ഞായറാഴ്ച്ചയുടെ അവസാനയാമങ്ങളിലൊന്നിലാണ് സുഹൃത്ത്, ബിനു കുമാർ  വര്‍ഷത്തിലൊരിക്കല്‍ ചിത്രാപൗര്‍ണ്ണമി ഉത്സവനാളില്‍ മാത്രം സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്ന അതി പുരാതനവും ചേരവംശത്താല്‍ സ്ഥാപിക്കപ്പെട്ടതുമായ  മംഗളാദേവി ക്ഷേത്രത്തെക്കുറിച്ച് ഞങ്ങളോട് പറയുന്നത്. കൊടും കാട്ടിലൂടെ പതിനഞ്ച് കിലോമീറ്ററോളം ദൂരം യാത്രചെയ്താല്‍ എത്തിച്ചേരാന്‍ കഴിയുന്ന കേരള  തമിഴ്നാട് അതിര്‍ത്തിയിലെ ഒരു പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നും, കുമിളിയില്‍ നിന്നും തുടങ്ങി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിനുള്ളിലൂടെയാണ് യാത്ര ചെയ്യേണ്ടതെന്നും കേട്ടപ്പോള്‍ ഞങ്ങള്‍ക്കും വലിയ താല്‍പര്യമായി. അടുത്ത കാലത്ത് അരിക്കൊമ്പന്‍ എന്ന ആനയെ ചിന്നക്കലാല്‍ വനമേഖലയില്‍ നിന്നും പിടികൂടിയ ശേഷം തുറന്നുവിട്ടത് കുമിളിക്ക് സമീപത്തായുള്ള, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലുള്ള ഈ വനമേഖലയിലാണെന്നു കൂടി കേട്ടപ്പോള്‍ താല്‍പര്യം ആവേശത്തിന് വഴിമാറി. യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ചപ്പോള്‍ മെയ്മാസം 5ാം തീയതിയാണ് ക്ഷേത്രം തുറക്കുന്നതെന്നും വെളുപ്പിന് 06 മണിമുതല്‍ക്കാണ് കുമിളിയില്‍ നിന്നും കാട്ടിനുള്ളിലേക്ക് സന്ദര്‍ശകരെ കടത്തിവിടുന്നതെന്നും, കാല്‍നടയായോ ജീപ്പിലോ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് യാത്ര ചെയ്യാമെന്നും ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.

        തിരുവനന്തപുരത്തുള്ള അരുവിക്കര എന്ന ഞങ്ങളുടെ കൊച്ചുഗ്രാമത്തില്‍ നിന്നും അഞ്ച്മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തിച്ചേരാന്‍ കഴിയുന്ന പ്രദേശമാണ് ഇടുക്കി ജില്ലയിലെ കുമിളി. ഏകദേശം 205 കിലോമീറ്റര്‍ മാത്രം ദൂരം. സുഹൃത്തിന്‍റെ കാറില്‍ പോകാമെന്നും, വെളുപ്പിന് മൂന്ന് മണിക്ക് പുറപ്പെടാമെന്നും, അന്നേദിവസം കുമിളിയില്‍ തന്നെയുള്ള ശിക്ഷക്ക് സധനില്‍ താമസസൗകര്യം ഏര്‍പ്പാടാക്കാമെന്നുമൊക്കെ കൂട്ടായ ചര്‍ച്ചയില്‍ ധാരണയായി.

          അങ്ങനെ കൃത്യമായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷം മെയ്മാസം അഞ്ചാം തീയതി നേരം വെളുക്കുന്നതിന് മുമ്പ് തന്നെ അരുവിക്കരയില്‍ നിന്നും ഒരു കാറില്‍ ഞങ്ങള്‍ അഞ്ചംഗ സംഘം അനുരഞ്ജ്, രാജീവ്, സജു, ബിനുകുമാർ, ശ്രീജിത്ത് എന്നിവർ തേക്കടിയുടെ കവാടം എന്നറിയപ്പെടുന്ന കുമിളിയിലേക്കുള്ള യാത്ര ആരംഭിച്ചു. എരുമേലിയും മുണ്ടക്കയവും കൂട്ടിക്കാനവുമൊക്കെ പിന്നിട്ട് തേയിലതോട്ടങ്ങളുടെ ഹരിതാഭയും, മഞ്ഞുമൂടിയ താഴ്വാരങ്ങളുടെ ദൃശ്യഭംഗിയും ആവോളം നുകര്‍ന്ന്, പെരുവന്താനത്തുനിന്നും ഇടയ്ക്കൊരു കട്ടന്‍ചായയും കുടിച്ച് ഞങ്ങള്‍ കുമിളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമയം 08.30 ആയിക്കഴിഞ്ഞിരുന്നു. ശിക്ഷക് സധന്‍ തേടിപ്പിടിച്ച് ലഗേജ് ബാഗുകള്‍ റൂമില്‍ വച്ച്, കാര്‍ അവിടെത്തന്നെ പാര്‍ക്ക് ചെയ്തതിന് ശേഷം ഞങ്ങള്‍ ആഹാരം കഴിക്കുന്നതിനായി കുമിളിയിലെ തിരക്കിലേക്കിറങ്ങി. നല്ലൊരു ഹോട്ടല്‍ കണ്ടുപിടിക്കുന്നതിലേക്കായി കുമിളിയിലെ നിരത്തുകളിലൂടെ  കുറച്ച് അലഞ്ഞതിന് ശേഷം മെയിന്‍ റോഡിന് സമീപത്തായുള്ള സാമാന്യം തിരക്കുള്ള ഒരു ഹോട്ടലിലേക്ക് കയറി ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിച്ചു.

 “ഉത്സവ നോട്ടീസ്

          ആഹാരത്തിന് ശേഷം കുമിളിയില്‍ നിന്നും ഞങ്ങള്‍ കാല്‍നട യാത്ര ആരംഭിച്ചു. ജീപ്പില്‍ കയറി പോകാമെന്ന ഒരു അഭിപ്രായം ഉയര്‍ന്നുവന്നെങ്കിലും അഗസ്ത്യാര്‍കൂടം യാത്രയൊക്കെ സ്ഥിരമായി ചെയ്തുവരുന്ന ഞങ്ങള്‍ക്ക് ഈ ദൂരമൊക്കെ നിസ്സാരമാണെന്ന കാഴ്ച്ചപ്പാടില്‍ ഞങ്ങള്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു. അത്യാവശ്യം വഴിയില്‍ കഴിക്കുന്നതിനായുള്ള ആഹാരസാധനങ്ങള്‍ വാങ്ങിയ ശേഷം, അന്തരീക്ഷത്തില്‍ തെളിഞ്ഞുകണ്ട കാര്‍മേഘ പടലങ്ങളെ വകവയ്ക്കാതെ ഞങ്ങള്‍ രണ്ടും കല്‍പ്പിച്ച് മുന്നോട്ടു നീങ്ങി.

- ഞങ്ങൾ -
ഇടത്തുനിന്ന് - അനുരഞ്ജ്, രാജീവ്, സജു, ബിനുകുമാർ, ശ്രീജിത്ത്

         പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്‍റെ ഈസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ നിന്നുമാണ് ഞങ്ങളുടെ യാത്ര ശരിക്കും തുടങ്ങിയത്. അവിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എല്ലാപേരെയും കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടായിരുന്നു. കൈവശം പ്ലാസ്റ്റിക്ക് വസ്തുക്കള്‍ എന്തെങ്കിലും ഉണ്ടോയെന്നാണ് അവര്‍ പ്രധാനമായും പരിശോധിക്കുന്നത്. സഞ്ചാരികളെ ആരെയും തന്നെ പ്ലാസ്റ്റിക്ക് വസ്തുക്കളുമായി അകത്തേക്ക് കടത്തിവിടുന്നുണ്ടായിരുന്നില്ല. അതിപ്പോള്‍ ബിസ്ക്കറ്റിന്‍റെ കൂടാണെങ്കിലും ശരി, അത് അവിടെ വച്ച് പൊട്ടിച്ച് ബിസ്ക്കറ്റ് കടലാസില്‍ പൊതിഞ്ഞുകൊണ്ടുമാത്രമേ കാടിനുള്ളിലേക്ക് കൊണ്ടുപോകാന്‍ സമ്മതിക്കുന്നുണ്ടായിരുന്നുള്ളൂ. അതൊരു മികച്ച തീരുമാനമായിരുന്നു എന്ന് പറയാതെ വയ്യ. വലിയ അളവില്‍ സഞ്ചാരികള്‍ കടന്നുവരുന്നതുമൂലം ധാരാളം പ്ളാസ്റ്റിക്ക് വസ്തുക്കള്‍ കാടിനുള്ളില്‍ ഉപേക്ഷിക്കപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നു. വന്യമൃഗങ്ങള്‍ക്കും പ്രകൃതിക്കും അപകടം വിതയ്ക്കുന്ന ആ സാധ്യതയെ മുളയിലേ നുള്ളാന്‍ ഈ തീരുമാനം കൊണ്ടു കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന ഹാന്‍ഡ് ബാഗും ഉദ്യോഗസ്ഥര്‍ കൃത്യമായി പരിശോധിച്ചു. പ്ളാസ്റ്റിക്ക് നിരോധനത്തെക്കുറിച്ച് നേരത്തേതന്നെ മനസ്സിലാക്കിയിരുന്ന ഞങ്ങള്‍ വെള്ളം കുടിക്കുന്നതിനായി സ്റ്റീല്‍ ബോട്ടിലുകള്‍ കൈവശം കരുതിയിരുന്നത് ഉപകാരമായി. വഴിയില്‍ കഴിക്കാനായി വാങ്ങി വച്ചിരുന്ന കപ്പലണ്ടിമിഠായിയുടെ പ്ലാസ്റ്റിക്ക് കവചം പരിശോധകര്‍ വേര്‍പെടുത്തുകയും മിഠായി ഒരു കടലാസില്‍ പൊതിഞ്ഞ് തിരികെ നല്‍കുകയും ചെയ്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കൂടാതെ ധാരാളം പോലീസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്‍റിലെ ഉദ്യോഗസ്ഥരും സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.

തേക്കടി സെക്ഷൻ ഓഫീസ്

          രണ്ടിടങ്ങളിലായുള്ള കര്‍ശന പരിശോധന കഴിഞ്ഞ് ഞങ്ങള്‍ മുന്നോട്ട് നടന്നു. അന്തരീക്ഷം ഇപ്പോള്‍ കൂടുതല്‍ തെളിമയുള്ളതായി മാറിയിരിക്കുന്നു. നേരത്തെ കണ്ടിരുന്ന മഴമേഘങ്ങളൊക്കെ എങ്ങോ പോയിമറഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഉള്ളില്‍ നിറഞ്ഞു നിന്ന ആവേശം കൈവിടാതെ മുന്നോട്ട് നടന്നു. സ്ത്രീകളും, പുരുഷന്‍മാരും, കുട്ടികളും ഉള്‍പ്പെടെ അനേകം യാത്രികര്‍ ഞങ്ങളുടെ മുന്നിലും പിന്നിലുമായി നടന്നു നീങ്ങുന്നതായി കാണാം. മലയാളികളും തമിഴരും അടങ്ങുന്ന ധാരാളം സഞ്ചാരികള്‍ ജീപ്പിലും യാത്ര ചെയ്യുന്നതായി കണ്ടു. ദുര്‍ഘടമായ കാട്ടുപാതയായതിനാല്‍, ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുകള്‍ക്ക് മാത്രമേ മുകളിലേക്ക് പോകാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.

                    കുറച്ച് മുന്നോട്ട് നടന്നപ്പോഴാണ് നടപ്പിന്‍റെ ബുദ്ധിമുട്ട് ഞങ്ങള്‍ക്ക് ശരിക്കും മനസ്സിലാക്കാനായത്. ജീപ്പുകള്‍ക്ക് ഓടാന്‍ പാകത്തിന് തെളിയിച്ചെടുത്ത ഇടുങ്ങിയ കാട്ടുപാതയാണ്. ചില ഇടങ്ങളില്‍ അല്‍പ്പം വീതി കൂടുതലായുണ്ടെന്നു മാത്രം. കുത്തിനിറയ്ക്കപ്പെട്ട യാത്രികരെയും കൊണ്ട് തലങ്ങും വിലങ്ങും പായുന്ന ധാരാളം ജീപ്പുകള്‍. അവയ്ക്കിടയിലെ അല്‍പ്പം സ്ഥലത്ത് കൂടിയാണ് കാല്‍നടയാത്രക്കാര്‍ പോകേണ്ടത്.

കാടകത്തെ ജീപ്പുവഴി

          പൊടിപറത്തിക്കൊണ്ട് വേഗത്തില്‍ കടന്നുപോകുന്ന ജീപ്പുകള്‍ സൃഷ്ട്ടിച്ച അസ്വാരസ്യത്തില്‍ നിന്നും രക്ഷനേടാനായി ഞങ്ങള്‍ കാട്ടിനുള്ളിലെ നേര്‍ത്ത ഊടുവഴിയിലൂടെ നടക്കാന്‍ തീരുമാനിച്ചു. വേനലിന്‍റെ വറുതി കഴിഞ്ഞ്, ഇടയ്ക്കിടെ പെയ്യുന്ന മഴയില്‍ കാട്ടിനുള്ളിലെ പച്ചപ്പ് വീണ്ടും ഉണര്‍ന്നു തുടങ്ങിയതേയുള്ളൂ. പച്ചപ്പുല്ലു നിറഞ്ഞ, മൈതാനം പോലെ കിടക്കുന്ന, തുറസ്സായ ഒരു സ്ഥലം കടന്ന് ഞങ്ങള്‍ മുന്നോട്ട് പോയി. 

പച്ചവഴികളിലൂടെ

    ആനകളും കാട്ടുപോത്തുകളും മറ്റും സ്വൈര്യവിഹാരം നടത്തുന്ന ഇടമാണെന്ന് സ്ഥലത്തിന്‍റെ കിടപ്പ് കണ്ടപ്പോഴേ മനസ്സിലായി. കടന്നുപോകുന്ന വഴിയുടെ സമീപത്തായി മൃഗങ്ങള്‍ വെള്ളം കുടിക്കാനായി എത്തുന്ന ചെറിയ കുളങ്ങളും കാണാം. ഇവിടം നിബിഢ വനമായിരുന്നില്ല. ധാരാളം മരങ്ങള്‍ അങ്ങിങ്ങായി ഉണ്ടെങ്കിലും അകലെയെവിടെയെങ്കിലും ഒരു മൃഗം നിന്നാല്‍ പോലും കാണാന്‍ പാകത്തിന് ദൃശ്യപരതയുള്ള വനപ്രദേശമാണിത്. ഞങ്ങള്‍ ചുറ്റിനും കണ്ണോടിച്ചു. ഒരു കൊമ്പനോ, കാട്ടുപോത്തോ, മാനോ മറ്റോ ഞങ്ങളുടെ കണ്ണില്‍പെടാതെ മരങ്ങളുടെ മറവിലെവിടെയെങ്കിലും ഒളിച്ചു നില്‍പ്പുണ്ടോ? ഇല്ല. വര്‍ഷത്തിലൊരിക്കല്‍ ഉള്ള മനുഷ്യമൃഗങ്ങളുടെ ഈ കുത്തൊഴുക്ക് പ്രമാണിച്ച് മൃഗങ്ങളായ മൃഗങ്ങളെല്ലാം ഉള്‍ക്കാടുകളിലേക്ക് ചേക്കേറിയിട്ടുണ്ടാവണം. ആരെയും പരിസരത്തെങ്ങും കണ്ടില്ല.

അരിക്കൊമ്പനെ തുറന്നുവിട്ട ഇടം

          കയറ്റങ്ങളും നേരിയ ഇറക്കങ്ങളും പിന്നിട്ട് കുറച്ചുദൂരം നടന്നുകഴിഞ്ഞിട്ടുണ്ടാവണം. സഹസഞ്ചാരികളില്‍ ഒരാള്‍ ഒപ്പം നടക്കുന്ന മറ്റൊരാളോട് പറയുന്നത് കേട്ടു. "ദാ ഇവിടെയാണ് നമ്മുടെ അരിക്കൊമ്പനെ തുറന്നുവിട്ടത്". ഞാന്‍ ഞെട്ടിത്തിരിഞ്ഞ് പിന്നിലേക്ക് നോക്കി. അരിക്കൊമ്പന്‍. സഹ്യന്‍റെ മകന്‍. ചിന്നക്കനാലിലെ ആരെയും കൂസാതെയുള്ള അവന്‍റെ സ്വൈര്യവിഹാരത്തില്‍ പൊറുതിമുട്ടി അവനെ മനുഷ്യര്‍ നാടുകടത്തിയിരിക്കുകയാണ്. ഈ കാട്ടിനുള്ളിലെവിടെയോ അവന്‍ ഉണ്ട്. കൊടുംകാട്ടിനുള്ളിലൂടെ ഉച്ചത്തില്‍ ചിന്നം വിളിച്ചലറിയും, ഇല്ലിക്കാടുകളെ ചവിട്ടിമെതിച്ചും, വല്ലികളെ തുമ്പിയാല്‍ വലിച്ചുപൊട്ടിച്ചും, മരങ്ങളെ കൊമ്പുകൊണ്ട് കുത്തിമലര്‍ത്തിയും, പൂഴിവാരിയെറിഞ്ഞും അവനിപ്പോള്‍ അരിശം തീര്‍ക്കുകയായിരിക്കും. തന്‍റെ ഉറ്റവരെ തേടി കാടകങ്ങളിലൂടെ അലയുകയായിരിക്കും. 

          കുറച്ചുകൂടി മുകളിലേക്ക് നടന്നപ്പോള്‍ അല്‍പ്പം മുന്നിലായി ഒരു ചെറിയ ആള്‍ക്കൂട്ടം രൂപപ്പെട്ടിരിക്കുന്നതായും അകലെയുള്ള മലയിലേക്ക് വിരല്‍ചൂണ്ടി അവര്‍ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നതായും കണ്ടു. എന്താണ് കാര്യമെന്നറിയാനുള്ള ആകാംഷയോടെ നോക്കിയപ്പോള്‍ സഞ്ചാരികളിലൊരാള്‍ കൈവശം കരുതിയിരുന്ന ബൈനോക്കുലറിലൂടെ അകലെയുള്ള മലയിലേക്ക് നോക്കി നില്‍ക്കുന്നതായും, ചുറ്റിനും നില്‍ക്കുന്നവര്‍ ആ ബൈനോക്കുലറിലൂടെയുള്ള ഒരു കാഴ്ച്ചക്കായി തിരക്കുകൂട്ടുന്നതും കണ്ടു. ബൈനോക്കുലര്‍ കാഴ്ച്ചക്ക് ഭാഗ്യം കിട്ടിയ ഒരാളോട് ഞാന്‍ വിവരം തിരക്കി. അക്കരെയായി കാണുന്ന വലിയ മലയുടെ മുകളിലായി ഒരു കാട്ടുപോത്ത് നില്‍പ്പുണ്ടത്രേ. എല്ലാപേരും ബൈനോക്കുലറിലൂടെയുള്ള  കാട്ടുപോത്തിന്‍റെ ദര്‍ശനസൗഭാഗ്യത്തിനായാണ് തിക്കിത്തിരക്കുന്നതെന്ന് മനസ്സിലായപ്പോള്‍ ഞാനും അവരില്‍ ഒരാളായി. അല്‍പ്പസമയത്തിനുശേഷം ബൈനോക്കുലര്‍ കാഴ്ച്ചക്ക് ഭാഗ്യം ലഭിച്ചു. മലയുടെ നെറുകയില്‍ വലിയ ഒരു മരത്തിന്‍റെ തണലിലായി നില്‍ക്കുന്ന കാട്ടുപോത്തിന്‍റെ അവ്യക്തമായ ഒരു ദൃശ്യം ആ ബൈനോക്കുലറിലൂടെ കാണാന്‍ കഴിഞ്ഞു. ഇടയ്ക്ക് ഒരിക്കല്‍ ഗവിയിലേക്ക് യാത്രപോയപ്പോള്‍ ഞങ്ങളുടെ വാഹനത്തിന് അല്‍പ്പം മുന്നിലായി റോഡില്‍ നിലയുറപ്പിച്ചിരുന്ന പടുകൂറ്റന്‍ കാട്ടുപോത്തിനെയാണ് അപ്പോഴെനിക്ക് ഓര്‍മ്മവന്നത്. വല്ലാത്ത ഒരു കാഴ്ച്ചയായിരുന്നു അത്. ആ വന്യമായ കരുത്തും തലയെടുപ്പും ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. വല്ലവിധേനയും ആ കൂറ്റന്‍ കാട്ടുപോത്തിനെ കടന്ന് മുന്നിലേക്ക് പോയപ്പോള്‍ വിശാലമായ പുല്‍മേട് നിറയെ മേഞ്ഞുനടക്കുന്ന കാട്ടുപോത്തുകളുടെ ഒരു വലിയ കൂട്ടത്തെത്തന്നെ അന്ന് കാണാന്‍ കഴിഞ്ഞിരുന്നു. ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം വിസ്മയാവഹമായ കാഴ്ച്ചയായിരുന്നു അത്.

          അല്‍പ്പം കൂടി നടന്നപ്പോള്‍ വഴിയരികിലായി 6 കിലോമീറ്റര്‍ എന്നെഴുതിയ ബോര്‍ഡ് കണ്ടു. ഞങ്ങള്‍ 6 കിലോമീറ്റര്‍ ദൂരം പിന്നിട്ടിരിക്കുന്നു എന്ന് ആ ബോര്‍ഡ് സൂചിപ്പിച്ചു. ഓരോ കിലോമീറ്റര്‍ കഴിയുമ്പോഴും സഞ്ചാരികളെ പിന്നിട്ട ദുരത്തെക്കുറിച്ച് മനസ്സിലാക്കിക്കാനായി ഇത്തരത്തില്‍ സൂചനാ ബോര്‍ഡുകള്‍ വച്ചിട്ടുണ്ടായിരുന്നു. ഞങ്ങള്‍ അല്‍പ്പം വിശ്രമിക്കാന്‍ തീരുമാനിച്ചു. ബാഗിനുള്ളിലായി കരുതിയിരുന്ന രസകദളിപ്പഴം പങ്കിട്ടുകഴിച്ചതിന് ശേഷം അല്‍പ്പം വെള്ളവും കുടിച്ചപ്പോള്‍ ക്ഷീണം മാറി. വഴിയില്‍ പലയിടത്തും സഞ്ചാരികള്‍ക്കായി വലിയ പിവിസി ടാങ്കുകളില്‍ കുടിവെള്ളം സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ടാങ്കില്‍ നിന്നും കുപ്പിയില്‍ വെള്ളം നിറച്ചതിന് ശേഷം മുന്നോട്ടുള്ള നടത്തം തുടര്‍ന്നു. പൊടി പറക്കുന്ന വരണ്ട ഇടങ്ങളെപ്പോലെതന്നെ വഴിയില്‍ ചിലയിടങ്ങളില്‍ നനവുള്ള പ്രദേശങ്ങളും ഉണ്ട്. അങ്ങനെ നനവുള്ള ഇടങ്ങളില്‍ കൂടി ജീപ്പുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോള്‍ അവിടമാകെ ചെളിക്കളമാകും. ചെളിയില്‍ചവിട്ടിയുള്ള നടത്തം തീര്‍ത്തും ദുഷ്ക്കരമായിരുന്നു എന്ന് പറയാതെവയ്യ. നനവുള്ള ഇടങ്ങളില്‍ ചെളി പോലെ തന്നെ കുളയട്ടയും ധാരാളം ഉണ്ടായിരുന്നു. ഒന്നുരണ്ട് തവണ കുളയട്ടയുടെ ദേഹപ്രവേശനം ഉണ്ടായപ്പോല്‍ എല്ലാപേരും ജാഗരൂകരായി. കുളയട്ടകള്‍ കാടിന്‍റെ കാവല്‍ക്കാരാണെന്ന് എന്‍ എ നസീര്‍ മാഷിന്‍റെ "കാടിനെ ചെന്നു തൊടുമ്പോള്‍" എന്ന പുസ്തകത്തില്‍ വായിച്ചത് ഓര്‍മ്മയില്‍ വന്നു. മനുഷ്യരുടെ അധിനിവേശം തടഞ്ഞ് കാടിന്‍റെ സംരക്ഷണത്തിനായി ഇത്തിരിപ്പോന്ന കുളയട്ടകളും അവരാല്‍ ആവുന്നത് ചെയ്യുന്നു.

          പകുതി ദൂരം പിന്നിട്ട ശേഷം കുത്തനെയുള്ള കയറ്റങ്ങള്‍ മാത്രമായി. നടത്തത്തിന്‍റെ വേഗവും കുറഞ്ഞു. ചുറ്റിനും കാട് കൂടുതല്‍ ഇടതൂര്‍ന്ന് കാണപ്പെട്ടു. എവിടെനിന്നൊക്കെയോ പേരറിയാത്ത പക്ഷികളുടെ പാട്ടുകള്‍ ഇടയ്ക്കിടെ കാതുകളില്‍ വന്നലയ്ക്കുന്നുണ്ട്. ക്ഷീണം വകവയ്ക്കാതെ ഞങ്ങള്‍ ജീപ്പുവഴിയിലൂടെ നടന്നു. ഇരുവശത്തും മരങ്ങള്‍ തിങ്ങിഞെരുങ്ങിവളര്‍ന്നുനില്‍ക്കുന്ന കൊടുംകാടിനെ നെടുകേ പിളര്‍ത്തിക്കൊണ്ട് ഇങ്ങനെയൊരു ജീപ്പ് വഴി ഞങ്ങളുടെ സങ്കല്‍പ്പത്തില്‍പോലും ഉണ്ടായിരുന്നില്ല. അതൊരു അഭംഗിയായും നാഗരികതയുടെ കടന്നുകയറ്റമായും തോന്നി. പ്ലാസ്റ്റിക്കിനെ മുളയിലേ നുള്ളിയതുപോലെ ജീപ്പുകളുടെ ഈ കടന്നുകയറ്റത്തെയും നിയന്ത്രിക്കണമായിരുന്നു. കളങ്കമേല്‍ക്കാത്ത ഈ നിബിഢവനത്തിനുള്ളിലൂടെയുള്ള ജീപ്പുകളുടെ ഈ അലര്‍ച്ചയും, മുരള്‍ച്ചയും, ഹോണ്‍മുഴക്കങ്ങളും ഒരു ദിവസത്തേക്കാണെങ്കില്‍പ്പോലും വന്യജീവികള്‍ക്ക് എന്തുമാത്രം അസ്വാരസ്യമായിരിക്കും ഉണ്ടാക്കുന്നതെന്നത് അധികാരികള്‍ ഉറപ്പായും ചിന്തിക്കേണ്ട വിഷയമായിരുന്നു. 

നടത്തം, കാടിനെ പിളർത്തിയ ജീപ്പുവഴികളിലൂടെ

          പത്തുകിലോമീറ്ററോളം ദൂരം നടന്നുകഴിഞ്ഞപ്പോള്‍ പൊടുന്നനെ ഭൂപ്രകൃതി ആകെ മാറുന്നതായി കണ്ടു. നിബിഢവനങ്ങള്‍ പിന്നിട്ട് ഞങ്ങള്‍ മൊട്ടക്കുന്നുകളിലേക്കാണ് കടന്നു ചെന്നത്. കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും, അവയ്ക്ക് അതിരിടുന്ന വലിയ മലകളും, മലകളിലൂടെ ഒഴുകിയിറങ്ങുന്ന നീര്‍ച്ചാലുകളും നയനാനന്ദകരമായ കാഴ്ച്ചയായിരുന്നുവെങ്കിലും ഞങ്ങളുടെ ആസ്വാദനത്തിന് വിലങ്ങുതടിയായി തലയ്ക്കുമുകളില്‍ വെയില്‍ തിളച്ചുമറിയുന്നുണ്ടായിരുന്നു. അല്‍പ്പം വിശ്രമിച്ചിട്ടാകാം ഇനി നടത്തം എന്ന് തീരുമാനിച്ച്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്‍റെ വിശാലമായ കാഴ്ച്ചകളിലേക്ക് കണ്‍തുറന്ന്, നിരത്തില്‍ നിന്നും അല്‍പ്പം താഴെയായി ഇളകികിടന്ന പാറകളുടെ പുറത്ത് ഞങ്ങള്‍ ഇരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ വൃഷ്ട്ടിപ്രദേശങ്ങളുടെ ഒരു വിദൂരദൃശ്യവും അവിടെനിന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നു.

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശം  ഒരു ദൂര കാഴ്ച

  വെള്ളവും കുടിച്ച് കപ്പലണ്ടിമിഠായിയും കഴിച്ചപ്പോള്‍ തോന്നിയ അല്‍പ്പം ആശ്വാസത്തിന്‍റെ പിന്‍ബലത്തില്‍ ഞങ്ങള്‍ എഴുന്നേറ്റ് നടത്തം തുടര്‍ന്നു. മുന്നിലും പിന്നിലുമായി നടന്നുവരുന്ന മനുഷ്യരുടെ നീണ്ട നിര കാണാം. ഒന്ന് ശ്രദ്ധിച്ചാല്‍ അവരില്‍ എല്ലാ പ്രായത്തിലുള്ളവരും ഉണ്ടെന്നുള്ളത് വ്യക്തമാകും. കൈക്കുഞ്ഞുങ്ങള്‍ മുതല്‍, വൃദ്ധജനങ്ങള്‍ വരെ അവര്‍ക്കിടയില്‍ ഉണ്ട്. മലയാളിയും തമിഴനും അവര്‍ക്കിടയില്‍ ഉണ്ട്. ഭക്തിപാരവശ്യത്താല്‍ നടക്കുന്നവരും യാത്ര എന്ന ഉന്‍മാദത്താല്‍ നടക്കുന്നവരും എല്ലാം അവര്‍ക്കിടയില്‍ ഇഴചേര്‍ന്നിരിക്കുന്നു. പല ഇടങ്ങളില്‍ നിന്ന് വന്ന് ഒരിടത്തണഞ്ഞ് ഒരേ ലക്ഷ്യത്തിനായി മലകയറുന്ന മനുഷ്യര്‍. അവര്‍ക്കിടയിലൂടെ ഞങ്ങളും പതിയെ മുന്നോട്ട് നടന്നുകൊണ്ടേയിരുന്നു.

മൊട്ടക്കുന്നിന്റെ നെറുകയിലൂടെ

               ഒരു മൊട്ടക്കുന്നിന്‍റെ നെറുകയില്‍ നിന്നും അടുത്തതിലേക്ക് ഞങ്ങള്‍ കടന്നു. "അതാ, വാച്ച്ടവര്‍ കണ്ടോ, അതിന് സമീപത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്". മുന്നില്‍ നടക്കുന്നവരില്‍ ഒരാള്‍ അകലേക്ക്  വിരല്‍ചൂണ്ടി പറയുന്നത് കേട്ട് ഞാന്‍ ആ ദിശയിലേക്ക് നോക്കി. അകലെ ഒരു മൊട്ടക്കുന്നിന്‍റെ മുകളിലായി ഒരു പൊട്ടുപോലെ കാണുന്ന വാച്ച് ടവര്‍. മനസ്സിന് വല്ലാത്ത ഒരു ആശ്വാസം തോന്നി. അവസാനം ഞങ്ങളിതാ ലക്ഷ്യത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. ഇനി അല്‍പ്പം ദൂരം മാത്രമേ ശേഷിക്കുന്നുള്ളൂ. ഞങ്ങള്‍ ആവേശം കൈവിടാതെ മുന്നിലേക്ക് നടന്നു. 

പൊടിപറത്തിപ്പാച്ചിൽ

     പൊടി പറത്തിക്കൊണ്ട് ജീപ്പുകള്‍ അപ്പോഴും ഞങ്ങളെ കടന്ന് പോയിക്കൊണ്ടിരുന്നു. അവയ്ക്കുള്ളിലിരുന്ന് നടത്തത്തിന്‍റെ ക്ഷീണമറിയാതെ, ആലസ്യമറിയാതെ കുറച്ചുപേര്‍ ആടിയുലഞ്ഞ് കടന്നുപോകുന്നു. കാടിനെ തൊട്ടുള്ള, യാത്രയുടെ സുഖമറിയാതെ വെറുതേ ജീപ്പില്‍ കയറി ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ച് പായുന്നവര്‍. അവര്‍ക്കെന്ത് അനുഭവമാണ് ഈ യാത്രയില്‍ നിന്നും കിട്ടുന്നത്? ഞാന്‍ വെറുതേ ചിന്തിച്ചു. കാടിനെ അറിഞ്ഞുള്ള യാത്രയുടെ അനുഭവത്തേക്കാള്‍ ഉപരിയായി ക്ഷേത്ര ദര്‍ശനത്തിലൂടെ കൈവരുന്ന പുണ്യം എന്ന ഒറ്റലക്ഷ്യം തേടിയാണ് അവര്‍ യാത്ര ചെയ്യുന്നത് എന്ന് തോന്നുന്നു. മൊട്ടക്കുന്നുകള്‍ക്ക് ഇടയിലായി തെളിഞ്ഞു കാണുന്ന ചെമ്മണ്ണുനിറഞ്ഞ, വളഞ്ഞു പുളഞ്ഞുകിടക്കുന്ന വഴിയിലൂടെ ഒന്നിനുപുറകേ ഒന്നായി കടന്നുവരുന്ന ജീപ്പുകളും, നടന്നുപോകുന്ന മനുഷ്യരുടെ ഈ തിക്കും തിരക്കും കാണുമ്പോള്‍ ഞങ്ങള്‍ എത്തിനില്‍ക്കുന്നത് കാട്ടിനുള്ളിലല്ല എന്നും ഏതോ  നഗരഹൃദയത്തിലാണെന്നും തോന്നിപ്പോയി.

വാച്ച് ടവർ

          മുന്നോട്ട് നടന്ന് ഒരു മൊട്ടക്കുന്നിന്‍റെ പകുതിയിലെത്തിയപ്പോള്‍, അല്‍പ്പം മുകളിലായി ഒരാള്‍ക്കൂട്ടം രൂപപ്പെട്ടിരിക്കുന്നത് കണ്ടു. കൂടിനില്‍ക്കുന്നവരില്‍ ചിലര്‍ താഴ് വാരത്തിലേക്ക് വിരല്‍ചൂണ്ടി ആവേശത്തോടെ എന്തൊക്കെയോ പറയുന്നുമുണ്ട്. അടുത്തെത്തിയപ്പോഴാണ് താഴ് വാരത്തില്‍ മരങ്ങള്‍ക്കിടയിലായി നില്‍ക്കുന്ന ഒരു ആനയുടെ വിദൂര ദൃശ്യം കണ്ടുകൊണ്ടാണ് അവര്‍ കൂട്ടംകൂടിനില്‍ക്കുന്നതെന്നും, വിരല്‍ചൂണ്ടി സംസാരിക്കുന്നതെന്നും ഞങ്ങള്‍ക്ക് മനസ്സിലായത്. തുമ്പിക്കൈ കൊണ്ട് മരങ്ങളുടെ ചില്ലകള്‍ വലിച്ചൊടിച്ചും, പൂഴിവാരിയെറിഞ്ഞും, കാടിന്‍റെ ശീതളിമയില്‍ സ്വച്ഛന്ദം വിഹരിക്കുന്ന ആ കരിവീരനെ ഞങ്ങളും കുറേനേരം നോക്കിനിന്നു. വരുന്നവരും പോകുന്നവരും ആ ഒറ്റയാനെ നോക്കി അത്ഭുതാദരങ്ങളോടെ പരസ്പരം പറയുന്നത് കേള്‍ക്കാം. "നോക്ക്, അതാ അതാണ് അരിക്കൊമ്പന്‍!!!". കുറേമുകളിലായി പുല്‍മേട്ടിലൂടെ മേഞ്ഞുനടക്കുന്ന ഒരു വലിയ കാട്ടുപോത്തിനെയും കാണാം. അകലെ നിന്ന് അവന്‍ വരികയും പോകുകയും ചെയ്യുന്ന ഈ മനുഷ്യമഹാസാഗരത്തെ ഉത്കണ്ഠയോടെ വീക്ഷിക്കുന്നുണ്ടാവണം. ഇവര്‍ എന്തിനുള്ള പുറപ്പാടാണെന്ന് സങ്കോചപ്പെട്ടിട്ടുണ്ടാവണം.

          മൊട്ടക്കുന്നുകളിറങ്ങി കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോള്‍ ഇടതുവശത്തെ അഗാധമായ താഴ് വാരത്തിലായി പരന്നുകിടക്കുന്ന സമ്പല്‍സമൃദ്ധമായ കൃഷിയിടങ്ങളുടെ വിശാലവും, മനോഹരവുമായ ഒരു ദൃശ്യം കാണാന്‍ കഴിഞ്ഞു. വലിയ മലനിരകളുടെ ചുവട്ടിലായാണ് ആ കൃഷിയിടങ്ങള്‍ നിരന്നുകിടക്കുന്നത്. തമിഴ്നാട്ടിലെ കമ്പം, തേനി, ഗൂഡല്ലൂര്‍ എന്നീ സ്ഥലങ്ങളിലെ തട്ടുതട്ടായി തിരിച്ച വിശാലമായ ആ കൃഷിയിടങ്ങളില്‍ മലയാളികളുടെ തീന്‍മേശ നിറയ്ക്കുന്നതിനുള്ള പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമാണ് സമൃദ്ധിയോടെ വിളയുന്നത്.

തമിഴ് നാട്ടിലെ കൃഷിയിടങ്ങളുടെ ഒരു വിശാല ദൃശ്യം

          ഞങ്ങള്‍ വീണ്ടും മുന്നോട്ട് നടന്നു. വാച്ച് ടവര്‍ ഇപ്പോള്‍ വളരെ അടുത്താണ്. അതിന് സമീപത്തായി സഞ്ചാരികളെയും കൊണ്ടുവരുന്ന ജീപ്പുകള്‍ നിരനിരയായി പാര്‍ക്ക് ചെയ്തിരിക്കുന്നു. വാച്ച് ടവറും പാര്‍ക്കിംഗ് യാര്‍ഡും കടന്ന് അല്‍പ്പം മുന്നിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സഞ്ചാരികള്‍ക്കുണ്ടാകുന്ന ശാരീരികമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി അവിടെ തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍ നിന്നുമുള്ള മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ട്. 

മെഡിക്കൽ ടീം പ്രവൃത്തിക്കുന്ന ഇടം
         ജീപ്പുകളില്‍ കയറിയും കാല്‍നടയായും എത്തിച്ചേര്‍ന്ന സഞ്ചാരികളുടെ വലിയ ഒരു സഞ്ചയം തന്നെ ക്ഷേത്രത്തിന് മുന്നില്‍ രൂപപ്പെട്ടിരിക്കുന്നതായി കണ്ടു. ആ മഹാസഞ്ചയത്തിലേക്ക് ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരികെ പോകുന്നവരും, വിതരണം ചെയ്യുന്ന ആഹാരം വാങ്ങുന്നതിനായി തിരക്കുകൂട്ടുന്നവരും ഇടകലര്‍ന്നു. അവര്‍ക്കിടയിലുള്ള അല്‍പ്പം സ്ഥലത്തുകൂടി എങ്ങിനെയൊക്കെയോ ജീപ്പുകള്‍ നിരനിരയായി വരികയും പോകുകയും ചെയ്യുന്നു. അന്തരീക്ഷമാകെ പറന്നുനിറയുന്ന പൊടി പടലങ്ങള്‍ക്കിടയിലൂടെ, ആകെക്കൂടി ബഹളമയമായ ആ സാഹചര്യത്തിലേക്കാണ് ഞങ്ങള്‍ നടന്ന് തളര്‍ന്ന് എത്തിപ്പെട്ടത്.

അമ്പലമുറ്റത്ത്, ആൾക്കൂട്ട ത്തിലലിഞ്ഞ്


 “ഇടമുറിയാതൊഴുകുന്ന ഭക്തവരി

          ചുറ്റുമതിലിന്‍റെ ഇളകിക്കിടക്കുന്ന കല്ലുകള്‍ക്കിടയിലൂടെ ഞങ്ങള്‍ ക്ഷേത്രത്തിലേക്ക് കയറി. ചതുരാകൃതിയിലും ദീര്‍ഘചതുരാകൃതിയിലുമായി വിവിധ വലിപ്പത്തില്‍ മുറിച്ചെടുത്ത വലിയ ശിലാപാളികള്‍ ഒന്നിനുമുകളില്‍ ഒന്നായി, പ്രത്യേക രീതിയിലും, ക്രമത്തിലും അടുക്കിവച്ചാണ് പുരാതനമായ മംഗളാദേവിക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കല്ലുകള്‍ പലതും അടുക്കില്‍ നിന്നും നിലത്തേക്ക് ഇളകിവീണ്, ശ്രീകോവിലും പ്രതിഷ്ഠയുടെ ഭാഗങ്ങളുമെല്ലാം തകര്‍ന്ന്, ജീര്‍ണ്ണാവസ്ഥയിലാണ് ക്ഷേത്രം കാണപ്പെടുന്നത്. പത്തടിയോളം ഉയരത്തില്‍ ദീര്‍ഘചതുരാകൃതിയില്‍, നീളത്തില്‍ മുറിച്ചെടുത്ത കല്ലുകള്‍ ഇരുവശത്തും സ്ഥാപിക്കപ്പെട്ട രണ്ട് പ്രവേശനകവാടങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ചിലയിടങ്ങളിലായി കല്ലുകളില്‍ അഷ്ടദിഗ്പാലകരുടെയും നാഗങ്ങളുടെയും വിവിധരൂപങ്ങളും ശിലാലിഖിതങ്ങളുമൊക്കെ കൊത്തിവച്ചിരിക്കുന്നതായി കണ്ടു. ഞങ്ങള്‍ ഉള്ളിലേക്ക് കടന്നു. മഞ്ഞളിന്‍റെയും ചന്ദനത്തിരികളുടെയും ഗന്ധം ഓരോ ശ്വാസത്തിലൂടെയും കടന്നുവരുന്നു. കൊടിതോരണങ്ങള്‍ എല്ലായിടത്തും പാറിക്കളിക്കുന്നു. ഉള്ളില്‍ നാല് ശ്രീകോവിലുകള്‍ ഉണ്ടായിരുന്നതില്‍ രണ്ടിടത്ത് മാത്രമാണ് ഇപ്പോള്‍ പൂജകള്‍ നടക്കുന്നത്. ഒരിടത്ത് ശിവനെയും മറ്റൊന്നില്‍ മംഗളാദേവിയെയും പൂജിക്കുന്നു. ഒരിടത്ത് കേരളത്തിലെയും മറ്റൊന്നില്‍ തമിഴ്നാട്ടിലെയും പൂജാരിമാരാണ് പൂജകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. ചിത്രാപൗര്‍ണ്ണമി നാളില്‍ പൂജചെയ്യാനായി ഇപ്പോള്‍ വിഗ്രഹങ്ങള്‍ കുമിളിയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയാണത്രേ പതിവ്.

 “ദർന പുണ്യം തേടി

          സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മംഗളാദേവി ക്ഷേത്രം 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേരരാജവംശത്തിലെ പ്രബലനായ ഭരണാധികാരിയായിരുന്ന ചേരന്‍ ചെങ്കുട്ടുവനാണ് പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. വണ്ണാത്തിപ്പാറ എന്നാണ് ഈ സ്ഥലത്തെ അക്കാലത്ത് അറിയപ്പെട്ടിരുന്നതത്രേ. കണ്ണകി കോട്ടം എന്നും ക്ഷേത്രത്തിന് ഒരു വിളിപ്പേരുണ്ടായിരുന്നു. പാണ്ഡ്യതലസ്ഥാനമായ മധുരയെ ചുട്ടെരിച്ചിട്ട് കണ്ണകി ചേരനാട്ടില്‍ എത്തിയെന്ന ഐതിഹ്യത്തിലാണ് ഇവിടെ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്നാണ് പ്രബലമായ വിശ്വാസം. ക്ഷേത്രത്തിന് താഴെയായി ഒരു ഭൂഗര്‍ഭ അറ ഉണ്ടായിരുന്നതായും അത് മധുരയിലെ പ്രശസ്തമായ മീനാക്ഷി ക്ഷേത്രത്തിലേക്കാണ് പോയിരുന്നതെന്നും കരുതപ്പെടുന്നു. നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഈ ക്ഷേത്രത്തെ നാശോന്‍മുഖമാക്കിയെന്നാണ് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നത്.

ക്ഷേത്രം ജീർണാവസ്ഥയിൽ

          മലയാളികളെക്കാളും തമിഴര്‍ക്കാണ് ഈ ക്ഷേത്രവുമായി ബന്ധം കൂടുതല്‍ ഉള്ളതെന്ന് തോന്നി. ഭക്തജനങ്ങളില്‍ കൂടുതലും തമിഴ്നാട്ടില്‍ നിന്നുള്ളവരായിരുന്നു. ഭൂമിശാസ്ത്രപരമായി കേരളത്തിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും 1980 മുതല്‍ തമിഴ്നാട് ക്ഷേത്രത്തിന്‍മേല്‍ അവകാശം ഉന്നയിക്കുകയാണ്. ക്ഷേത്ര അവകാശത്തിനായി തമിഴ്നാടും കേരളവും തമ്മില്‍ നടക്കുന്ന കേസ് സുപ്രീംകോടതിയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടത്രേ. എന്നാല്‍ രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാളിയും തമിഴനും എന്ന വേര്‍തിരിവില്ലാതിരുന്ന, കേരളവും തമിഴ്നാടും എന്ന വേര്‍തിരിവില്ലാതിരുന്ന, ദ്രാവിഡര്‍ ഒന്നായി വാണിരുന്ന ഒരു കാലത്താണ് ഈ ക്ഷേത്രം പണികഴിപ്പിക്കപ്പെടുന്നത്. അന്ന് കൊടുംകാടിനുനടുവിലായി ഇങ്ങനെയൊരു ക്ഷേത്രം നിര്‍മ്മിച്ചത് എത്രയോ നാളത്തെ അതികഠിനമായ മനുഷ്യാധ്വാനത്തിന്‍റെ ഫലമായിട്ടായിരിക്കാം. എവിടെനിന്നായിരിക്കാം ഇത്രയും കല്ലുകള്‍ ക്ഷേത്രനിര്‍മ്മാണത്തിനായി ഇവിടേക്ക് കൊണ്ടുവന്നത്? നമ്മുടെ എത്രയോ തലമുറകള്‍ക്ക് മുമ്പുള്ള മനുഷ്യര്‍ പണികഴിപ്പിച്ച ഈ ക്ഷേത്രത്തിന് മുന്നില്‍, അവരുടെ വിയര്‍പ്പുവീണ ശിലാപാളികളില്‍ കൈതൊട്ട് നില്‍ക്കുമ്പോള്‍ കാലഘട്ടങ്ങള്‍ പിന്നിട്ട് ചരിത്രത്തെസ്പര്‍ശിച്ച, സംഘകാലത്തെ തൊട്ട ആ കാറ്റ് ഞങ്ങളെ തഴുകികടന്നുപോകുന്നതുപോലെ തോന്നി.

          ക്ഷേത്രമുറ്റത്ത് ഒരു ഭാഗത്തായി പായസവിതരണവും മറുഭാഗത്തായി വിവിധ സംഘടനകള്‍ നടത്തുന്ന ഭക്ഷണവിതരണവും തകൃതിയായി നടക്കുന്നുണ്ട്. തമിഴരും മലയാളികളും യാതൊരു ദേശഭാഷാ ഭേദവുമില്ലാതെ അവിടെ തിക്കിത്തിരക്കുന്നുണ്ട്. വാഴയിലയില്‍ വിതരണം ചെയ്യുന്ന പായസത്തിന് നല്ല സ്വാദ് തോന്നി. പായസവും കഴിച്ച് വെള്ളവും കുടിച്ചപ്പോള്‍ വിശപ്പിനും താല്‍ക്കാലികമായി ശമനം വന്നു. ആഹാരശേഷം പ്രകൃതിരമണീയമായ ആ പ്രദേശം ഞങ്ങള്‍ ചുറ്റിനടന്ന് കണ്ടു.

          സമയം രണ്ട് മണി കഴിഞ്ഞു. ക്ഷേത്രത്തിലേക്ക് വരുന്നവരുടെ തിരക്ക് ഒരു മാറ്റവുമില്ലാതെ തുടര്‍ന്നു. തിരികെ പോകുന്നതിനായി ഞങ്ങള്‍ ക്ഷേത്ര പരിസരത്തുനിന്നും വാച്ച് ടവറിന്‍റെ ഭാഗത്തേക്ക് നടന്നു. ജീപ്പില്‍ കയറി തിരികെ പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. വാച്ച് ടവറിന്‍റെ പരിസരത്തെ ബഹളമയമായ അന്തരീക്ഷത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല. വരുന്നവരും പോകുന്നവരും പരസ്പരം ഇടകലര്‍ന്ന് തിക്കും തിരക്കുമായതിനാല്‍ അതിനിടയില്‍ക്കൂടി ജീപ്പുകള്‍ക്ക് കടന്നുവരാനോ, സഞ്ചാരികളെയും കൊണ്ട് തിരികെ പോകാനോ കഴിയുന്നുണ്ടായിരുന്നില്ല. തിരികെ പോകുന്ന ജീപ്പുകള്‍ക്ക് ചുറ്റിലും ശര്‍ക്കരയില്‍ ഉറുമ്പുപൊതിയുന്നതുപോലെ ആള്‍ക്കാര്‍ കൂടിനില്‍ക്കുന്നു. ഒത്തിരി നേരത്തെ അശ്രാന്തപരിശ്രമത്തിന് ശേഷം, സഞ്ചാരികളെ ഇറക്കിക്കഴിഞ്ഞ ഒരു ജീപ്പിന്‍റെ പിന്നില്‍ വല്ലവിധേനയും ഞങ്ങള്‍ കയറിക്കൂടി. ആളൊന്നിന് മുന്നൂറ് രൂപയായിരുന്നു നിരക്ക്. മുന്നിലും, നടുക്കും ഏറ്റവും പിന്നിലുമായി ഏകദേശം പതിനഞ്ചോളം പേര്‍ അതിനിടയില്‍ സ്ഥാനം പിടിക്കുകയും, നാലുപേരോളം ജീപ്പിനുപിന്നില്‍ തൂങ്ങിനില്‍ക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. ഉള്ളില്‍ തിങ്ങിഞെരുങ്ങിയിരുന്ന ഞങ്ങളെയും കൊണ്ട് ആ തിരക്കിനിടയില്‍ അതിസാഹസികമായി ഡ്രൈവര്‍ ജീപ്പ് തിരിച്ചപ്പോള്‍ ഞാന്‍ ഒരിക്കല്‍ക്കൂടി ക്ഷേത്ര പരിസരത്തേക്ക് നോക്കി. ജീര്‍ണ്ണാവസ്ഥയിലും തലയുയര്‍ത്തി നില്‍ക്കുന്ന മംഗളാദേവി ക്ഷേത്രത്തിന് മുകളിലായി അപ്പോള്‍ മഴമേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങിയിരുന്നു.




കസോളില്‍ നിന്നും "ഗ്രഹണ്‍ ഗ്രാമത്തിലേക്ക്"

ഷിംലയിലും കുഫ്രിയിലുമായി തണുപ്പുനിറഞ്ഞ രണ്ട് സുന്ദര ദിനരാത്രങ്ങള്‍ ചെലവഴിച്ച ശേഷം രാവിലെയാണ് കസോളിലേക്കുള്ള യാത്ര തുടങ്ങിയത്. കുഫ്രിയില്‍ നി...