ഷിംലയിലും കുഫ്രിയിലുമായി തണുപ്പുനിറഞ്ഞ രണ്ട് സുന്ദര ദിനരാത്രങ്ങള്‍ ചെലവഴിച്ച ശേഷം രാവിലെയാണ് കസോളിലേക്കുള്ള യാത്ര തുടങ്ങിയത്. കുഫ്രിയില്‍ നിന്നും ജെലോരി ചുരം വഴി ജിബി ഗ്രാമത്തിലേക്കുള്ള യാത്രാ പദ്ധതിയായിരുന്നു ഞങ്ങളുടെ മനസ്സില്‍ ആദ്യമുണ്ടായിരുന്നത്. എന്നാല്‍ മഞ്ഞുവീഴ്ച്ച കാരണം അപ്രതീക്ഷിതമായി ജലോരി ചുരം അടച്ചതിനാല്‍ മണ്ടി വഴി കസോളിലേക്ക് യാത്ര പുനക്രമീകരിക്കുകയായിരുന്നു.
ചിലപ്പോള്‍ മഞ്ഞു മൂടിയ മലനിരകള്‍ക്ക് മുകളിലായും, മറ്റുചിലപ്പോള്‍ പച്ചപുതച്ച താഴ്വരകളിലായും, അടുക്കടുക്കായി വീടുകള്‍ നിറഞ്ഞ മനോഹരമായ ഹിമാലയന്‍ ഗ്രാമങ്ങളുടെ ദൃശ്യഭംഗിയും, ദേവദാരുക്കളെയും പൈന്‍മരങ്ങളെയും തൊട്ടുതലോടിയെത്തുന്ന തണുത്ത കാറ്റിന്‍റെ ദിവ്യസുഗന്ധവും ചേര്‍ന്ന് അലൗകികമായ ഒരു യാത്രയായിരുന്നു അത്. പരസ്പരം സംസാരിക്കാതെ ആ യാത്രയുടെ രസം നുകര്‍ന്നുകൊണ്ട് ഞങ്ങള്‍ അഞ്ചുപേരും കാറിനുള്ളില്‍ ഇരുന്നു. കാറിലെ സ്റ്റീരിയോയില്‍ നിന്നും ഒഴുകിയിറങ്ങിയ കിഷോര്‍ കുമാര്‍ ലതാ മംഗേഷ്ക്കര്‍ ഗാനം സന്ദര്‍ഭത്തിന് ഏറെ അനുയോജ്യമായി തോന്നി. "ദേഖാ ഏക് ഖ്വാബ് തോ ഏ സില്‍സിലേ ഹുവേ. . . ദൂര്‍ തക് നിഗാഹോം മേഹേ ഗുല്‍കിലേ ഹുവേ. . ."
വളവുതിരിവുകളും, കയറ്റിറക്കങ്ങളും ധാരാളമുള്ള റോഡാണെങ്കിലും ആയാസ രഹിതമായും, സാമാന്യം നല്ല വേഗത്തിലുമാണ് സുരേന്ദ്ര സിംഗ് കാര്‍ ഓടിക്കുന്നത്. പരിചയ സമ്പന്നനും, ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥതയുള്ളയാളുമാണ് അദ്ധേഹമെന്നത് ഷിംല യാത്രയില്‍തന്നെ ഞങ്ങള്‍ക്ക് മനസ്സിലായതാണ്. അധികം തിരക്കില്ലാത്തതും, വീതിയുള്ളതും, ഗുണമേന്‍മയുള്ളതുമായ റോഡുകളാണ് ഹിമാചല്‍ യാത്രയില്‍ ഉടനീളം കണ്ടത്. മിക്ക റോഡുകളുടെയും ഒരു വശത്ത് വലിയ മലനിരകളും മറുവശം അഗാധമായ താഴ്വാരങ്ങളുമായിരുന്നു. അതുകൊണ്ടുതന്നെ റോഡുകളുടെ വശങ്ങളില്‍ പലയിടങ്ങളിലും സുരക്ഷയ്ക്കായി ഇരുമ്പുവേലികള്‍ കെട്ടിയിരിക്കുന്നതായി കാണാം. ബിയാസ് നദിക്ക് സമീപത്തായി മണാലിയിലേക്ക് നീളുന്ന ദേശീയ പാതയുടെ നിര്‍മ്മാണം നടക്കുന്നിടത്ത് അല്‍പ്പസമയം വാഹനം നിര്‍ത്തിയിടേണ്ടി വന്നതൊഴിച്ചാല്‍ പ്രധാന നിരത്തുകളില്‍ ഒരിടത്തും ഞങ്ങള്‍ക്ക് യാത്രാ ക്ലേശം അനുഭവിക്കേണ്ടതായി വന്നതേയില്ല.
നിരത്തുകള്‍ ഗുണമേന്‍മയുള്ളതുപോലെ തന്നെ വൃത്തിയുള്ളതു മായിരുന്നു. ഒരിടത്തും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിരിക്കുന്നതായോ, അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായോ കണ്ടില്ല. ചപ്പുചവറുകളും ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികളും വലിച്ചെറിയാതെ, മാലിന്യ സംസ്ക്കരണം സ്വന്തം ഉത്തരവാദിത്തമായി ഓരോ ഹിമാചല്‍ നിവാസിയും കരുതുന്നതായി തോന്നി. വഴിയരുകില്‍ കണ്ട ഓറഞ്ചു വില്‍പ്പനക്കാരന്‍ ഓറഞ്ചിന്‍റെ ഒരു തോടുപോലും നിലത്തിടാന്‍ സമ്മതിച്ചില്ല. സമീപത്തായി സജ്ജീകരിച്ചിരുന്ന വലിയ കൂടയിലേക്ക് ഓറഞ്ച് തോട് നിക്ഷേപിക്കാന്‍ അയാള്‍ നിര്‍ബന്ധം പിടിച്ചു. സഞ്ചാരികളിലാരോ നിലത്തിട്ട ചെറിയ തോടുകള്‍ പോലും അയാള്‍ നടന്നു കണ്ടെത്തുകയും, അവ സ്വയം പെറുക്കിയെടുത്ത് ആ കൂടയില്‍ നിക്ഷേപിക്കുകയും ചെയ്തു. കുഫ്രിയിലെ തണുത്തുറഞ്ഞ പ്രഭാതത്തില്‍ വഴിയോരത്തെ ചായക്കടയിലേക്കുള്ള നടത്തത്തിനിടയിലും ഞങ്ങള്‍ ശ്രദ്ധിച്ച കാര്യമാണത്. ഒരാള്‍ തന്‍റെ കൈവശമുള്ള വലിയ ചൂല്‍ ഉപയോഗിച്ച് തെരുവ് മുഴുവന്‍ തൂത്ത് വൃത്തിയാക്കുന്നു. വെറും കാട്ടിക്കൂട്ടലുകള്‍ ആയിരുന്നില്ല അത്. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ഇനം തിരിച്ച് കൃത്യവും, സൂക്ഷ്മവുമായി കൂടകളില്‍ നിക്ഷേപിക്കുന്നു. ഇടയ്ക്കിടെ തണുപ്പകറ്റാന്‍ അയാള്‍ കൈകള്‍ കൂട്ടിത്തിരുമ്മുന്നുണ്ട്. മൂടിപ്പുതച്ചുറങ്ങാന്‍ കൊതിക്കുന്ന, മരം കോച്ചുന്ന തണുത്ത പ്രഭാതത്തിലും തന്‍റെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ ആ മനുഷ്യന്‍ കാട്ടുന്ന വ്യഗ്രത അത്ഭുതകരമായിരുന്നു.
![]() |
| വഴിയരുകിലെ ഓറഞ്ച് വില്‍പ്പനക്കാരന്‍ |
ഹിമാചല്‍ നിവാസികളുടെ സ്വഭാവ മഹിമയും എടുത്തുപറയേണ്ടത് തന്നെയാണ്. അടുത്തിടപഴകിയവരും, അല്‍പ്പനേരമെങ്കിലും സംസാരിച്ചവരും എല്ലാം മനസ്സില്‍ സമാധാനമുള്ളവരായാണ് തോന്നിയത്. പുറത്തുള്ള തണുപ്പ് സ്വന്തം മനസ്സുകള്‍ക്കുള്ളിലേക്കും നിറച്ചുവച്ചിരിക്കുന്നവര്‍. അവരോട് അല്‍പ്പസമയം ചെലവഴിച്ചാല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ഏതു മനസ്സുകളിലേക്കും പതിയെ സമാധാനം വന്നു നിറയുവാന്‍ തുടങ്ങും. മനസ്സ് തുറന്ന് സംസാരിക്കാനും, ചിരിക്കാനും ശീലിച്ചിട്ടുള്ള, നിഷ്ക്കളങ്കരായ മനുഷ്യര്‍. അനാവശ്യമായി മറ്റൊരാളുടെ ജീവിതത്തിലേക്ക് കണ്ണുപായിക്കാത്തവര്‍. യാത്രയിലുടനീളം, ഒരിടത്തും ഒരു അടിപിടിയോ, ഒരു വാക്കു കൊണ്ടു പോലുമുള്ള മോശം സംസാരമോ, ഒരാളില്‍ നിന്നും ഉണ്ടായതേയില്ല. ആരും മദ്യപിച്ച് മദോന്‍മത്തരായി, മറ്റുള്ളവര്‍ക്ക് ശല്യമായി വഴിയരികുകളില്‍ കൂടൊരുക്കിയിട്ടില്ല. മിക്ക ആള്‍ക്കാരും പുഞ്ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത് തന്നെ. കുഫ്രിയിലെ ചായക്കടക്കാരന്‍റെ മുഖം ഒരിക്കലും മനസ്സില്‍ നിന്നും മാഞ്ഞുപോകുകയേയില്ല. മധുരമുള്ള ചായയ്ക്കും, ഹിമാചലിലെ തനതു പലഹാരമായ മോമോസിനുമൊപ്പം തന്‍റെ പാല്‍പ്പുഞ്ചിരി കൂടി അയാള്‍ എല്ലാപേര്‍ക്കും വിളമ്പിനല്‍കുന്നുണ്ട്. വയറിനൊപ്പം മനസ്സും നിറയുന്ന അനുഭവം.
മണ്ടി ജില്ലയിലേക്ക് കടന്ന ഞങ്ങള്‍ സത്ലജ് നദിയുടെ കരയിലൂടെ യാത്ര തുടര്‍ന്നു. പഞ്ച നദികളിലൊന്നായ സത്ലജ് ജലസമൃദ്ധിയോടെ, ശാന്തസുന്ദരമായി ഒഴുകുകയാണ്. ടിബറ്റിലെ കൈലാസ പര്‍വ്വതത്തിന് സമീപം, മാനസരോവര്‍ തടാകത്തില്‍ നിന്നുമാണ് സത്ലജ് നദിയുടെ ഉത്ഭവം. ഷിപ്കിലാ ചുരം വഴി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം, ബിയാസിനോട് ഒത്തുചേര്‍ന്ന്, ഹിമാചലില്‍ നിന്നും പഞ്ചാബിലൂടെ പാക്കിസ്ഥാനിലേക്ക് ഒഴുകിയെത്തുകയും അവിടെ വച്ച് സിന്ധു നദിയുമായി കൂടിച്ചേരുകയും ചെയ്യുന്നു. പഞ്ചാബിലെ ഭക്രാ നംഗല്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നതും സത്ലജിലാണ്. മലനിരകള്‍ക്ക് ചുവട്ടില്‍, നദിക്ക് സമീപത്തായി വീടുകള്‍ക്കൊപ്പം, ചില പള്ളിക്കൂടങ്ങളും ഞങ്ങള്‍ കണ്ടു. ഉള്ളില്‍ മരതക പച്ചനിറച്ച്, പ്രൗഢിയോടെ ഒഴുകിയകലുന്ന സത്ലജ് നദിക്കും, പച്ചപ്പുനിറച്ച് ചുറ്റിനും വ്യാപിച്ചുകിടക്കുന്ന മലനിരകള്‍ക്കുമിടയിലെ ചെറുതും മനോഹരവുമായ ആ പള്ളിക്കൂടത്തിന്‍റെ മുറ്റത്ത് ധാരാളം കുരുന്നുകള്‍ പലതരം കളികളിലേര്‍പ്പെട്ടുകൊണ്ട് ഓടിനടക്കുന്നത് മനസ്സില്‍ സന്തോഷം നിറച്ച ഒരു കാഴ്ച്ചയായിരുന്നു.
![]() |
| മരതകപ്പച്ച നിറച്ച് സത്ലജ് നദി |
അല്‍പദൂരം പിന്നിട്ട ശേഷം യാത്ര പഞ്ചനദികളില്‍ മറ്റൊന്നായ ബിയാസ് നദിയുടെ കരയിലൂടെയായി. ഹിമാചലിലെ റോഹ്താങ്ങ് ചുരത്തില്‍ നിന്നും ഉത്ഭവിക്കുന്ന ബിയാസ് പൂര്‍ണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധൂ നദിയുടെ പോഷകനദിയാണ്. ബിയാസ് നദിയുടെ കരയിലായി മണാലിയിലേക്ക് നീളുന്ന പുതിയ ദേശീയപാതയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മലനിരകളുടെ ചുവടു തുരന്നുകൊണ്ട് കിലോമീറ്ററുകള്‍ നീളമുള്ള കൂറ്റന്‍ ടണലുകള്‍ നിര്‍മ്മിക്കുന്നത് യാത്രയില്‍ വിസ്മയം നിറച്ച കാഴ്ച്ചയായിരുന്നു. നിലവിലുള്ള റോഡ് വീതികൂട്ടുന്നതിലേക്കായി നാല് ജെ സി ബികള്‍ ഒരേസമയം ഉപയോഗിച്ച് റോഡരികിലുള്ള വലിയ പാറക്കെട്ടുകളെ റോഡിലേക്ക് അടര്‍ത്തിടുന്നതുകാരണം അല്‍പ്പസമയം ഞങ്ങളുടെ യാത്ര തടസ്സപ്പെട്ടു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാത്രമാണ്. അദ്ദേഹത്തിന് ഇരുവശത്തുമായി അനേകം വാഹനങ്ങള്‍ ക്ഷമയോടെ കാത്തുനിന്നു. ഞങ്ങള്‍ റോഡിലേക്കിറങ്ങി. റോഡരുകില്‍ നിന്നാല്‍ താഴെ ബിയാസ് നദിയുടെ വിശാലമായ ഒരു ദൃശ്യം കാണാം. ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ അലതല്ലിയൊഴുകുന്ന ബിയാസ് നദിയുടെ ജലം സ്ഫടികം പോലെ തെളിമയാര്‍ന്നതാണ്. അരമണിക്കൂറോളം അവിടെ കാത്തുനിന്നതിന് ശേഷമാണ് ഞങ്ങളുടെ യാത്ര തുടര്‍ന്നത്.
ശൈത്യകാലമായതിനാലാവണം ഹിമാചലില്‍ സൂര്യന്‍ നേരത്തെ തന്നെ അസ്തമിക്കുകയും, 05.00 മണി കഴിയുമ്പോള്‍ തന്നെ ഇരുട്ടിന്‍റെ നേര്‍ത്ത അലകള്‍ അന്തരീക്ഷത്തെയാകെ മൂടാന്‍ തുടങ്ങുകയും ചെയ്യും. സമയം 6 മണി കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ വാഹനം കസോളിലേക്ക് അടുത്തുകൊണ്ടിരുന്നു. പുറത്ത് ഇരുട്ടിനോടൊപ്പം തണുപ്പിനും കടുപ്പം കൂടി വന്നു. ഇപ്പോള്‍ വാഹനം കടന്നു പോകുന്ന നിരത്തിന് ഇരുവശത്തും വലിയ മലനിരകളാണ്. നക്ഷത്രങ്ങള്‍ മണ്ണിലേക്കിറങ്ങി വന്നതുപോലെ ഇരുട്ടുമൂടിയ ആ മലനിരകള്‍ മുഴുവനും വൈദ്യുത ദീപങ്ങളുടെ ചേതോഹരമായ പ്രകാശത്താല്‍ തിളങ്ങുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന ഒരു കാഴ്ച്ചയായിരുന്നു അത്. വലിയ മലനിരകള്‍ക്ക് മുകളില്‍ പോലും വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞത് ഒരു വലിയ കാര്യം തന്നെയാണ്.
കസോളില്‍ എത്തിയപ്പോള്‍ രാത്രി 7 മണി കഴിഞ്ഞിരുന്നു. ആദ്യ കാഴ്ച്ചയില്‍ കസോള്‍ സാമാന്യം തിരക്കുള്ള ഒരു നഗരപ്രദേശം പോലെ തോന്നിച്ചു. ചെറുതും വലുതുമായ ഹോട്ടലുകളും, ഹോംസ്റ്റേകളും ധാബകളുമൊക്കെയടങ്ങുന്ന വലിയ ഒരു വിനോദസഞ്ചാരകേന്ദ്രം. വഴിയരികുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ധാരാളം ടൂറിസ്റ്റ് ബസുകളും കാണാം. ഞങ്ങള്‍ താമസം ബുക്ക് ചെയ്തിരുന്ന ഹോംസ്റ്റേയുടെ ഉടമസ്ഥന്‍ രവീന്ദ്ര താക്കൂര്‍ വഴികാട്ടിയായി മുന്നിലുണ്ട്. വഴിയോര കച്ചവടശാലകള്‍ നിറഞ്ഞ, ഇടുങ്ങിയ തെരുവിലൂടെ കാര്‍ അദ്ദേഹത്തെ പതിയെ പിന്‍തുടര്‍ന്നു. ഞങ്ങളെ ഹോംസ്റ്റേക്ക് മുന്നില്‍ ഇറക്കിയ ശേഷം സാരഥിയായ സുരേന്ദ്ര സിംഗ് വാഹനവുമായി നദീതീരത്തായുള്ള പാര്‍ക്കിംഗ് യാര്‍ഡിലേക്ക് പോയി.
വൃത്തിയും, വലിപ്പവുമുള്ള രണ്ട് മുറികളാണ് ചിരാഗ് ഹോംസ്റ്റേയില്‍ രവീന്ദ്ര താക്കൂര്‍ ഞങ്ങള്‍ അഞ്ചു പേര്‍ക്കായി ഒരുക്കിയിരുന്നത്. ബാഗുകള്‍ റൂമില്‍ വച്ചശേഷം ഞങ്ങള്‍ കസോളിലെ തണുത്തുറഞ്ഞ തെരുവുകളിലേക്കിറങ്ങി. ആഹാരം കഴിക്കുന്നതിനോടൊപ്പം കസോളിലെ നൈറ്റ് ലൈഫ് ആസ്വദിക്കുക എന്നതായിരുന്നു ലക്ഷ്യം. വെളിച്ചം നിറഞ്ഞ നിരത്തുകള്‍ സഞ്ചാരികളാല്‍ സജീവമാണ്. ആന്‍റിക് ഷോപ്പുകളിലും, ധാബകളിലും, തുണിത്തരങ്ങള്‍ വില്‍ക്കുന്ന കടകളിലും വിദേശികളടക്കമുള്ളവര്‍ തിക്കിത്തിരക്കുന്നുണ്ട്. തുളഞ്ഞുകയറുന്ന തണുപ്പിനെ വകവയ്ക്കാതെ, എല്ലാപേരും സോവനീറുകളും, കരകൗശലവസ്തുക്കളും, തുണിത്തരങ്ങളും മറ്റും വാങ്ങിക്കൂട്ടുകയാണ്. ആകാശത്തില്‍ പത്തരമാറ്റ് തിളക്കവുമായി അനേകം നക്ഷത്രങ്ങളും അവര്‍ക്ക് കൂട്ടിനുണ്ട്. ഇംഗ്ലണ്ടില്‍ നിന്നുള്ള കുറച്ചു വിനോദ സഞ്ചാരികളെ കസോള്‍ ബ്രിഡ്ജിന് സമീപത്ത് വച്ചാണ് കണ്ടുമുട്ടിയത്. ഞങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ അവരുടെ മുഖം അത്ഭുതത്താല്‍ വിടര്‍ന്നു. It’s a wonderful place എന്നാണ് അവര്‍ കേരളത്തെ വിശേഷിപ്പിച്ചത്. വര്‍ക്കലയെയും, കോവളത്തെയും, ആലപ്പുഴയെയും കുറിച്ചും, അവിടങ്ങളില്‍ നിന്നും കഴിച്ച ആഹാരത്തിന്‍റെ രുചിഭേദങ്ങളെക്കുറിച്ചുമൊക്കെ അവര്‍ സന്തോഷത്തോടെയും ആവേശത്തോടെയും സംസാരിച്ചു.
സമുദ്ര നിരപ്പില്‍ നിന്നും 5180 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കസോള്‍ ബുന്ദാറില്‍ നിന്നും മണികിരണിലേക്ക് പോകുന്ന വഴിയിലാണ് നിലകൊള്ളുന്നത്. കസോളില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരത്തില്‍ പാര്‍വ്വതീ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മണികിരണ്‍ ഗുരുദ്വാരയും അവിടത്തെ ഹോട്ട് വാട്ടര്‍ സ്പ്രിംഗും വളരെ പ്രശസ്തമാണ്. ഇന്ത്യയുടെ മിനി ഇസ്രയേല്‍ എന്നാണ് കസോള്‍ അറിയപ്പെടുന്നതത്രേ! ഇസ്രയേലില്‍ നിന്നുമുള്ള ധാരാളം സഞ്ചാരികള്‍ മനോഹരമായ ഹിമാലയന്‍ കാഴ്ച്ചകള്‍ തേടി ഇവിടേക്ക് എത്താറുള്ളതിനാലാവാം അങ്ങനെ അറിയപ്പെടാന്‍ കാരണമെന്ന് തോന്നുന്നു. ഹിന്ദിയിലെന്നപോലെ ഹീബ്രു ഭാഷയില്‍ എഴുതപ്പെട്ട ദിശാസൂചികകളും, ബോര്‍ഡുകളും വഴിയിലുടനീളം കാണാം. മിക്ക ഹോട്ടലുകളിലെയും മെനു കാര്‍ഡില്‍ ഇസ്രയേല്‍ ഭക്ഷണവും ഇടം പിടിച്ചിട്ടുണ്ട്.
രാത്രി ഭക്ഷണത്തിനായി ഞങ്ങള്‍ അധികം തിരക്കില്ലാത്ത ഒരു ധാബയിലേക്ക് കയറി. കളിമണ്ണടുപ്പിനുള്ളിലെ (തന്തൂര്‍) കനല്‍ച്ചൂടില്‍ ചുട്ടെടുക്കുന്ന ആലു പറാത്തയും, റൊട്ടിയും, ബ്രഡ് ഓംലെറ്റും മലയാളികളുടെ പ്രിയപ്പെട്ട ന്യൂഡില്‍സുമെല്ലാം അവിടെ പ്രധാനപ്പെട്ട വിഭവങ്ങളാണ്. തണുത്തു മരവിച്ച കൈകളുടെ വേദനയ്ക്ക് അടുപ്പിലെ കനല്‍ചൂടില്‍ അല്‍പ്പം ആശ്വാസമേകിയ ശേഷം ഞങ്ങള്‍ ചൂട് കട്ടന്‍ ചായയും ഒപ്പം ആലു പറാത്തയും കഴിച്ചു. ഭക്ഷണം കഴിഞ്ഞ് കസോളിലെ തണുത്തുറഞ്ഞ തെരുവുകളില്‍ അല്‍പ്പനേരം കൂടി ചുറ്റിത്തിരിഞ്ഞിട്ട് 10 മണിയോടുകൂടിയാണ് തിരികെ റൂമിലേക്ക് ചേക്കേറിയത്. പിറ്റേന്നുള്ള യാത്ര ഗ്രഹണ്‍ എന്ന ഹിമാലയന്‍ ഗ്രാമത്തിലേക്കാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. എല്ലാ കണ്ണുകളിലും യാത്രാക്ഷീണം പ്രകടമായിരുന്നു. അധികം വൈകാതെ ഞങ്ങള്‍ കമ്പിളിയുടെ ഉള്ളിലേക്ക് കടന്നു.
ഉണര്‍ന്നപ്പോള്‍ 7 മണി കഴിഞ്ഞിരുന്നു. ജനാലകളില്‍ തിരശ്ശീലയുണ്ടായിരുന്നതിനാല്‍ അധികം സൂര്യപ്രകാശം ഉള്ളിലേക്ക് കടന്നിരുന്നില്ല. കണ്ണുകളില്‍ ഉറക്കച്ചടവോടെ, അലസമായി ജനാലകളിലെ തിരശ്ശീല മാറ്റി പുറത്തേക്ക് നോക്കുമ്പോള്‍, അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു പുറത്ത്. ദേവദാരുക്കളും പൈന്‍മരങ്ങളും നിറഞ്ഞ കുന്നുകള്‍ക്ക് മുകളിലായി മഞ്ഞിന്‍റെ തൂവെള്ള പുതപ്പണിഞ്ഞ് സുന്ദരിയായി ഒരുങ്ങിനില്‍ക്കുന്ന പാര്‍വ്വതീ പര്‍വ്വത മുനമ്പുകള്‍. അവളുടെ ശിരസ്സിലാകമാനം സുവര്‍ണ്ണശോഭ പകരുന്ന ഉദയസൂര്യന്‍റെ ആദ്യകിരണങ്ങള്‍. കണ്ണഞ്ചിപ്പിക്കുന്ന തരത്തില്‍ മനോഹരമായ കാഴ്ച്ച.
![]() |
| മഞ്ഞിന്‍റെ തൂവെള്ള പുതപ്പണിഞ്ഞ് പാര്‍വ്വതീ പര്‍വ്വത മുനമ്പുകള്‍ |
അതുല്യമായ ആ ദൃശ്യത്താല്‍ മനം നിറഞ്ഞ ഞങ്ങള്‍ വേഗത്തില്‍ പ്രഭാതകൃത്യങ്ങള്‍ നടത്തിയ ശേഷം, ചൂട് ചായക്കായി കൊതിക്കുന്ന നാവുമായി കസോളിന്‍റെ മഞ്ഞും തണുപ്പും നിറഞ്ഞ ശാന്തസുന്ദരമായ തെരുവുകളിലേക്കിറങ്ങി. കസോള്‍ ഉണര്‍ന്നുതുടങ്ങുന്നതേയുള്ളൂ. തെരുവുകള്‍ ഏറെക്കുറെ വിജനമാണ്. പാലത്തിന് താഴെ ഉരുളന്‍ പാറകളെ തഴുകിത്തലോടി ഗ്രഹണ്‍ നദി മാത്രം നിലയ്ക്കാതെ ഒഴുകിക്കൊണ്ടേയിരുന്നു.
തലേദിവസം രാത്രി ആഹാരം കഴിച്ച ധാബയില്‍ തന്നെ കയറി, പ്രഭാതഭക്ഷണമായി കട്ടന്‍ ചായക്കൊപ്പം റൊട്ടിയും ബ്രഡ് ഓംലെറ്റും കഴിച്ചു. അതിനുശേഷം കൈവശം കരുതിയിരുന്ന രണ്ടു ഫ്ളാസ്കുകളില്‍ ചൂടുവെള്ളം നിറയ്ക്കാനായി കൗണ്ടറിലേക്ക് ചെന്നപ്പോഴാണ് ഞെട്ടിയത്. ഒരു ഫ്ളാസ്കില്‍ ചൂടുവെള്ളം നിറയ്ക്കുന്നതിനായി 50 രൂപയാണത്രേ ചാര്‍ജ്. തിളപ്പിക്കുന്ന വെള്ളം കൊടും തണുപ്പേറ്റ് നിമിഷനേരം കൊണ്ട് തന്നെ തണുത്തുപോകുന്നതിനാല്‍ വെള്ളം തിളപ്പിച്ചിടുന്നത് അവിടെ ദുഷ്ക്കരമായ ഒരു പരിപാടിയാണ്. 100 രൂപ നല്‍കി രണ്ടുഫ്ളാസ്കുകളിലായി ചൂടുവെള്ളം വാങ്ങിയ ശേഷം ഞങ്ങള്‍ ഗ്രഹണ്‍ യാത്രക്ക് തയ്യാറായി.
കസോളില്‍ നിന്നും വടക്ക് 10 കിലോമീറ്ററോളം ദൂരത്തായി, പാര്‍വ്വതീ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ചെറിയൊരു ഹിമാലയന്‍ ഗ്രാമമാണ് ഗ്രഹണ്‍. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്കിന്‍റെ പരിധിയില്‍ വരുന്ന ഈ ഗ്രാമം സമുദ്ര നിരപ്പില്‍ നിന്നും 7700 അടിയോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. കസോളില്‍ നിന്നും ഗ്രഹണിലേക്ക് നിലവില്‍ വാഹന സൗകര്യം ലഭ്യമാണ്. ഏകദേശം 6 കിലോമീറ്ററോളം ദൂരം വാഹനത്തിലും ശേഷിക്കുന്ന ദൂരം കാല്‍നടയായും പോകണം.
കസോള്‍ ബ്രിഡ്ജിന് സമീപത്തായുള്ള ടാക്സി യൂണിയന്‍ ഓഫീസില്‍ വാഹനം ബുക്ക് ചെയ്ത് കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് ഒരു മാരുതി ജിപ്സി വന്നുനിന്നു. 1200 രൂപയാണ് അഞ്ച് പേര്‍ക്ക് ഒരു വശത്തേക്കുള്ള യാത്രക്കായി സാരഥിയായ പപ്പുഭായി ആവശ്യപ്പെട്ടത്. വിലപേശിനോക്കിയെങ്കിലും ഓഫ് റോഡാണെന്നും, തീര്‍ത്തും ദുഷ്ക്കരമായ യാത്രയാണെന്നുമൊക്കെ ന്യായം പറഞ്ഞ് റേറ്റ് അല്‍പം പോലും കുറയ്ക്കാന്‍ പപ്പുഭായ് തയ്യാറായില്ല. കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ ഞങ്ങള്‍ വാഹനത്തിലേക്ക് കയറി. മുന്നില്‍ ഡ്രൈവിംഗ് സീറ്റിന് സമീപം ഒരാളും പിന്നില്‍ മുഖത്തോടു മുഖം നോക്കിയിരിക്കാന്‍ തക്കവണ്ണം ക്രമീകരിച്ചിരിക്കുന്ന രണ്ട് നീളന്‍ സീറ്റുകളില്‍ രണ്ടുപേര്‍വീതവുമാണ് ഇരുന്നത്.
![]() |
| പപ്പുഭായി തന്‍റെ ജിപ്സിക്കരികില്‍ |
ഗ്രഹണിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ ആദ്യ പാദം അങ്ങനെ കസോള്‍ ബ്രിഡ്ജില്‍ നിന്നും ആരംഭിച്ചു. കളകളാരവങ്ങളോടെ ഒഴുകിയകലുന്ന ഗ്രഹണ്‍ നല്ലയുടെ (നല്ലയെന്നാല്‍ അരുവി) തീരത്തുകൂടി ഞങ്ങളുടെ വാഹനം പതിയെ മുന്നോട്ട് നീങ്ങി. ഗ്രഹണിലേക്കുള്ള പ്രവേശന കവാടം കടന്ന് ശാന്തമായാണ് യാത്ര തുടങ്ങിയതെങ്കിലും യാത്രയുടെ ഭാവം രൗദ്രമായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. തീര്‍ത്തും ദുര്‍ഘടമായ പാതയായിരുന്നു പിന്നീടങ്ങോട്ട്. പലവലിപ്പത്തില്‍ ഇളകിമുഴച്ചുനില്‍ക്കുന്ന അനേകം കല്ലുകള്‍ക്കിടയിലൂടെ, കടല്‍ച്ചുഴിയിലകപ്പെട്ട കപ്പല്‍ പോലെ ആടിയുലഞ്ഞുകൊണ്ടായിരുന്നു മുന്നോട്ടുള്ള യാത്ര. വളവുതിരിവുകളും, കയറ്റിറക്കങ്ങളും ഇടകലര്‍ന്ന, off road ആയിരുന്നുവെങ്കിലും വാഹനത്തിന്‍റെ വേഗതയ്ക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല. സഡന്‍ ബ്രേക്കിംഗും കൂടിയായപ്പോള്‍ പിന്‍സീറ്റിലെ യാത്ര ദുസ്സഹമായിരുന്നു. യാത്ര ദുസ്സഹമായിരുന്നെങ്കിലും പുറം കാഴ്ച്ചകള്‍ അതിമനോഹരമായിരുന്നുവെന്നത് പറയാതെവയ്യ. ദേവദാരുക്കളും പൈന്‍മരങ്ങളും ഇടതൂര്‍ന്നുവളര്‍ന്നുനില്‍ക്കുന്ന വലിയ മലകളുടെ താഴ്വാരത്തുകൂടിയാണ് പാത മുന്നോട്ട് പോകുന്നത്. ഗ്രഹണ്‍ നദിക്ക് കുറുകെയായി പൂര്‍ണ്ണമായും തടികൊണ്ട് നിര്‍മ്മിച്ച ചെറിയ പാലങ്ങളും ചിലയിടങ്ങളിലായി കാണാം. അത്തരത്തിലൊരു തടിപ്പാലത്തിലൂടെ ഞങ്ങള്‍ നദിയുടെ മറുകരയിലേക്ക് കടന്നു.
![]() |
| തടികൊണ്ട് നിര്‍മ്മിച്ച പാലത്തില്‍ |
ഒരു മണിക്കൂറോളം നീണ്ട, പൊടിപറത്തിക്കൊണ്ടുള്ള ആ off road യാത്ര, തുറസ്സായ ഒരു മലയടിവാരത്തില്‍ അവസാനിപ്പിച്ച് പപ്പുഭായി വണ്ടി നിര്‍ത്തി, പുറത്തുനിന്നും മാത്രം തുറക്കാന്‍ കഴിയുന്ന പിന്‍വശത്തെ ഡോര്‍ തുറന്നുതന്നു. ഞങ്ങള്‍ ആശ്വാസത്തോടെ പുറത്തേക്കിറങ്ങി. സഞ്ചാരികളുമായി വന്ന മറ്റ് ചില ജീപ്പുകളും ഇരുചക്രവാഹനങ്ങളും അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നു. അവയ്ക്ക് സമീപത്തായി കസോളിലേക്ക് പോകുന്നതിനായി വാഹനവും പ്രതീക്ഷിച്ച് തദ്ദേശവാസികളില്‍ ചിലര്‍ കൂടിനില്‍പ്പുണ്ട്. മലമുകളിലെവിടെ നിന്നോ ഉത്ഭവിച്ച്, ഒരു നേര്‍ത്ത കൈവഴിയായി ഗ്രഹണ്‍ നദി ഒഴുകിയിറങ്ങി വരുന്നത് സമീപത്തായി കാണാമായിരുന്നു.
മലമുകളിലേക്കുള്ള ചെങ്കുത്തായ കയറ്റങ്ങളായിരുന്നു പിന്നീടങ്ങോട്ട്. പലനിറത്തിലും തരത്തിലുമുള്ള മാര്‍ബിള്‍ കല്ലുകള്‍ ചിതറിക്കിടക്കുന്ന, തവിട്ടുനിറത്തിലുള്ള പൊടിമണ്ണ് നിറഞ്ഞ ഏകാന്തമായ കാട്ടുവഴികളിലൂടെ അതീവ ശ്രദ്ധയോടെ ഞങ്ങള്‍ നടക്കാന്‍ തുടങ്ങി.
![]() |
| മലമുകളിലേക്ക് |
ചുറ്റിനും കാണുന്ന വലിയ മലനിരകളുടെ ഹരിതാഭയ്ക്കിടയില്‍, തൂവെള്ളനിറത്തില്‍ മഞ്ഞണിഞ്ഞ് തലയുയര്‍ത്തി നില്‍ക്കുന്ന പാര്‍വ്വതീ പര്‍വ്വത ശിഖരങ്ങള്‍ വേറിട്ടൊരു ദൃശ്യാനുഭവമായിരുന്നു. പൈന്‍മരങ്ങള്‍ക്കും ദേവദാരുക്കള്‍ക്കുമൊപ്പം മഞ്ഞയും ഓറഞ്ചും നിറങ്ങള്‍ ഇടകലര്‍ന്ന മനോഹരമായ ഇലകളുള്ള ചില മരങ്ങളും വഴിയില്‍ കണ്ടു. യൂറോപ്യന്‍ നാടുകളിലൊക്കെ കണ്ടുവരുന്ന മാപിള്‍ മരത്തിന്‍റെ ഇലകളോട് സാദൃശ്യം തോന്നുന്ന ഇലകളായിരുന്നു അവയില്‍ ചിലതിന്‍റേത്. പിന്നീടാണ് മാപ്പിള്‍ ചെടിയുടെ ഇന്ത്യന്‍ വകഭേദമായ ഹിമാലയന്‍ മാപ്പിള്‍ ആണ് ആ ചെടി എന്ന് മനസ്സിലായത്. പേരറിയാത്ത കുറ്റിച്ചെടികളും, വിവിധ വര്‍ണ്ണങ്ങളിലുള്ള ചെറുതും മനോഹരവുമായ പൂക്കളും അവയെ ചുംബിച്ച് കടന്നുപോകുന്ന പൂമ്പാറ്റകളും താഴ്വരയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നുണ്ട്.
ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മേഞ്ഞ ഒരു ചെറിയ ഇടത്താവളത്തില്‍ അല്‍പനേരം വിശ്രമിച്ച് കൈവശം കരുതിയിരുന്ന ലഘുഭക്ഷണം കഴിച്ച ശേഷം, ഗ്രഹണിലേക്കുള്ള ചുവന്ന ചായം കൊണ്ടുള്ള ആരോമാര്‍ക്കുകളെ പിന്‍തുടര്‍ന്ന് ഞങ്ങള്‍ വീണ്ടും മുകളിലേക്ക് നടക്കാന്‍ തുടങ്ങി. വഴിയില്‍ ചിലയിടത്ത് സഞ്ചാരികള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ളാസ്റ്റിക്ക് കുപ്പികളും ഭക്ഷണപൊതികളും മറ്റും ചിതറിക്കിടക്കുന്നത് കാണാം. അല്‍പ്പം കൂടി മുന്നോട്ട് നടന്നപ്പോള്‍ കോവര്‍ കഴുതകളെയും തെളിച്ചുകൊണ്ട് ഒരാള്‍ മലയിറങ്ങിവരുന്നത് കണ്ടു. കോവര്‍ കഴുതകളുടെ പുറത്ത് വച്ചുകെട്ടി ഗ്രഹണിലേക്കുള്ള സാധന സാമഗ്രികള്‍ കൊണ്ടുപോയിട്ട് മടങ്ങിവരുന്ന വഴിയാണ്. ഇനിയെത്ര ദൂരം നടക്കാനുണ്ടെന്ന ഞങ്ങളുടെ ചോദ്യത്തിന് ഒരു നേര്‍ത്ത പുഞ്ചിരി നല്‍കിയ ശേഷം "സാമ്നെ ഹെ ഭായ്" എന്ന് ഒരു കൈയാംഗ്യത്തിലൂടെ മറുപടി നല്കിയിട്ട് അയാള്‍ താഴേക്ക് നടന്നു മറഞ്ഞു. കസോളിലേക്ക് പോകുന്ന ഗ്രാമീണരെയും, ഗ്രഹണ്‍ യാത്രകഴിഞ്ഞ് മടങ്ങിവരുന്ന സഞ്ചാരികളെയും ഇടയ്ക്കിടെ കണ്ട് അവരോട് കുശലം ചോദിച്ച് ഞങ്ങള്‍ മുന്നോട്ട് പോയി.
ഒരു മണിക്കൂര്‍ നീണ്ട കാല്‍നടയാത്രയ്ക്കൊടുവില്‍ ഞങ്ങള്‍ ഗ്രഹണ്‍ ഗ്രാമത്തിലെത്തിയപ്പോള്‍ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. മനം മയക്കുന്ന പരിസര കാഴ്ച്ചകളാല്‍ സമ്പന്നമായിരുന്നു ഗ്രഹണ്‍. ഇളം നീലനിറത്തില്‍ തെളിമയാര്‍ന്ന ആകാശത്തിന് ചുവട്ടില്‍, പച്ചപ്പുനിറഞ്ഞ നിത്യഹരിതവനങ്ങള്‍ക്കിടയിലായി, മഞ്ഞുമൂടിനില്‍ക്കുന്ന പാര്‍വ്വതീ പര്‍വ്വതത്തിന്‍റെ കൂടുതല്‍ വിശാലമായ ദൃശ്യം നയനാനന്ദകരമായിരുന്നു.
![]() |
| ഗ്രഹണില്‍ നിന്നുള്ള പാര്‍വ്വതീ പര്‍വ്വതത്തിന്‍റെ ദൃശ്യം |
ഒപ്പം ചില്ലകളില്‍ നിന്നും ചില്ലകളിലേക്ക് പറന്നുയരുന്ന പലതരം പക്ഷികളും, അവയുടെ മധുരഗാനാലാപനവും, പൂത്തുണര്‍ന്നു നില്‍ക്കുന്ന വിവിധ വര്‍ണ്ണപ്പൂക്കളും, മനംമയക്കുന്ന സുഗന്ധവും പേറി മലനിരകളെ തൊട്ടുതലോടി കടന്നുവരുന്ന തണുത്ത കാറ്റും. അത്ഭുതലോകത്തില്‍ അകപ്പെട്ട ആലീസിനെപ്പോലെ ഞങ്ങള്‍ അവിടം മുഴുവന്‍ ചുറ്റിനടന്നുകണ്ടു. സീസണ്‍ കഴിഞ്ഞതിനാല്‍ ആപ്പിള്‍ മരങ്ങള്‍ ഇലകള്‍ പൊഴിച്ച്, വരാന്‍ പോകുന്ന മഞ്ഞുകാലത്തെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുകയാണ്. ഡിസംബര്‍ ആകുന്നതോടെ ഇപ്പോള്‍ പര്‍വ്വത മുകളില്‍ കാണുന്ന മഞ്ഞ് ഗ്രഹണിലേക്കും കടന്നുവരാന്‍ തുടങ്ങുമത്രേ. ഗ്രാമം മുഴുവനും മഞ്ഞുകൊണ്ടു മൂടും. ആപ്പിള്‍ തോട്ടങ്ങള്‍ക്ക് അടുത്തായി, ഉരുളക്കിഴങ്ങ്, രാജ്മ, ചോളം, വെളുത്തുള്ളി, ഗോതമ്പ് എന്നിവ കൃഷിചെയ്യുന്നതിനായി ഒരുക്കിയിട്ടിരിക്കുന്ന തട്ടുതട്ടായി തിരിച്ച കൃഷിയിടങ്ങള്‍ കാണാം. കൃഷിയിടങ്ങളിലും സമീപത്തുമായുള്ള മിക്ക മരങ്ങളുടെയും തായ്തടിയും ശിഖരങ്ങളുമെല്ലാം വൈക്കോല്‍ കൊണ്ട് പൊതിഞ്ഞു കെട്ടിയിട്ടുണ്ട്. വെയിലേറ്റ് ഉണങ്ങുന്ന വൈക്കോല്‍ മഞ്ഞുകാലത്ത് കന്നുകാലികള്‍ക്കുള്ള തീറ്റയാണ്.
വാഹനങ്ങളുടെ ശബ്ദമോ, വായുമലിനീകരണമോ ഇല്ലാതെ, ശാന്തിയും സമാധാനവും നിറഞ്ഞ ഇടം. 50 ഓളം വീടുകളും 400 ല്‍ താഴെ ജനസംഖ്യയും മാത്രമുള്ള വളരെ ചെറിയ ഒരു ഹിമാലയന്‍ ഗ്രാമം. എല്ലായിടത്തും വൈദ്യുതി കടന്നുവന്നിട്ടുണ്ടെങ്കിലും ഇവിടെ മൊബൈല്‍ റേഞ്ച് ലഭ്യമല്ല. ഞങ്ങള്‍ മുന്നില്‍ തെളിഞ്ഞ വഴികളിലൂടെയെല്ലാം നടന്നു. ഗ്രാമവാസികളോട് സംസാരിച്ചു. ഹിന്ദി അറിയാവുന്നവരാണെങ്കിലും പ്രാദേശികമായ പഹാഡി ഭാഷയിലാണ് അവര്‍ പരസ്പരം സംസാരിക്കുന്നത്. ഏകദേശം 500 വര്‍ഷങ്ങള്‍ക്കു മുമ്പ് കസോളിന് സമീപത്തുള്ള മലാന ഗ്രാമത്തില്‍ നിന്നും പാര്‍വ്വതീ താഴ്വരയിലേക്ക് കുടിയേറിപാര്‍ത്ത രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരുടെ പിന്‍മുറക്കാരാണ് ഇന്നത്തെ ഗ്രഹണ്‍ നിവാസികളെന്ന് മനസ്സിലായി. കൃഷിയും, കന്നുകാലി വളര്‍ത്തലുമാണ് ഇവിടത്തുകാരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. പശുവും ആടും ഒട്ടുമിക്ക വീടുകളിലും കാണാം. പുരുഷന്‍മാരെപ്പോലെതന്നെ സ്ത്രീകളും അധ്വാന ശീലമുള്ളവരാണ്. കൃഷിയില്‍ സഹായിച്ചും, കന്നുകാലികളെ വളര്‍ത്തിയും, കമ്പിളിവസ്ത്രങ്ങല്‍ തുന്നി പട്ടണപ്രദേശങ്ങളില്‍ കൊണ്ടുപോയി വിറ്റും, കാട്ടില്‍ കയറി വിറകുകള്‍ ശേഖരിച്ചും അവര്‍ ഉപജീവനത്തിനുള്ള വഴികള്‍ സ്വയം രൂപപ്പെടുത്തുന്നു.
![]() |
| ഗ്രഹണിലെ ഗ്രാമീണര്‍ -ജോലിക്കിടയിലെ വിശ്രമത്തില്‍ |
കാട്ടില്‍ കടന്ന് തേന്‍ ശേഖരിക്കുന്നതിലും വിരുതരാണ് ഗ്രഹണ്‍ നിവാസികള്‍. പ്രത്യേക രുചിയും, ഗുണമേന്‍മയുമുള്ള തേനാണ് ഗ്രഹണില്‍ ലഭിക്കുന്നതത്രേ. വനത്തിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ ഹിമാലയന്‍ കരടികളെയാണ് അവിടത്തുകാര്‍ ഭയപ്പെടുന്നത്. ഒരിക്കല്‍ തേന്‍ ശേഖരിക്കാന്‍ പോയിട്ട് കരടിയുടെ പിടിയില്‍ അകപ്പെടാതെ കഷ്ട്ടിച്ച് രക്ഷപ്പെട്ട കഥ തദ്ദേശവാസിയായ രവി എന്ന യുവാവില്‍ നിന്നും കേട്ടു.
വീടുകള്‍ക്കിടയിലെ ചാണകവും വൈക്കോലും ചേര്‍ന്ന് കുഴഞ്ഞുകറുത്ത, ഇടുങ്ങിയ കോണ്‍ക്രീറ്റ് വഴികളിലൂടെ നടന്നു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഒന്നുരണ്ട് കടകള്‍ വഴിയില്‍ കണ്ടു.
അവിടുത്തെ വീടുകളുടെ നിര്‍മ്മാണ രീതി പ്രകൃതിയോടിണങ്ങും വിധം ആകര്‍ഷണീയമാണ്. ഒട്ടുമിക്ക വീടുകളും തടികൊണ്ട് നിര്‍മ്മിച്ചതാണ്. തടികൊണ്ട് നിര്‍മ്മിക്കുന്ന ചട്ടക്കൂടിനുള്ളില്‍ കല്‍ച്ചീളികള്‍ അടുക്കിയുയര്‍ത്തിയ ശേഷം അതിനെ കളിമണ്ണുകൊണ്ട് പൊതിയുന്നു. തണുപ്പുകാലത്ത് ചൂടും, ചൂടുകാലത്ത് തണുപ്പും ഉള്ളില്‍ നിറയ്ക്കുന്ന സവിശേഷമായ നീര്‍മ്മാണ രീതി. വീടുകളുടെ മേല്‍ക്കൂരകള്‍ ഒന്നുകില്‍ തകര ഷീറ്റുകള്‍ കൊണ്ടോ, അല്ലെങ്കില്‍ ചീളികളായി മുറിച്ചെടുത്ത കല്ലുകള്‍ (സ്ലേറ്റുകള്‍) കൊണ്ടോ ആണ് മേഞ്ഞിരിക്കുന്നത്. ഇരുനിലകളിലായി പണിത വീടുകളുടെ താഴത്തെ നില കന്നുകാലികള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്.
![]() |
| ഗ്രഹണിലെ വീടുകളില്‍ ഒന്ന് |
മദ്യപാനം പൂര്‍ണ്ണമായും നിരോധിച്ച ഇടം കൂടിയാണ് ഗ്രഹണ്‍. മദ്യം ഉപയോഗിക്കുന്ന യാത്രികരെ ഗ്രാമത്തില്‍ തുടരാന്‍ അനുവദിക്കുകയില്ലത്രേ. തങ്ങളുടെ ആരാധനാ മൂര്‍ത്തിയായ യഗ്യ മഹര്‍ഷി സ്വപ്ന ദര്‍ശനം നല്‍കിയെന്നും, ഗ്രാമത്തിലെ എല്ലാപേരും മദ്യപാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെന്നും, അതിനുശേഷം ഗ്രാമത്തിലാരും മദ്യം ഉപയോഗിക്കാറില്ലെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.
റോഡ് സൗകര്യത്തിന്‍റെ അപര്യാപ്തതയെപ്പറ്റിയാണ് അവിടത്തുകാരുടെ പ്രധാന പരാതി. മികച്ച ഗതാഗതസൗകര്യം ഇല്ലാത്തതുകൊണ്ടുതന്നെ അവരുടെ ആപ്പിള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ കാലതാമസം നേരിടുന്നതായും, ദുര്‍ഘടമായ വഴികളിലൂടെ മാര്‍ക്കറ്റിലെത്തിക്കുമ്പോള്‍ ആപ്പിള്‍ പരസ്പരം കൂട്ടിയിടിച്ച് കേടുവരുന്നതായും, കേടുവരുന്ന ആപ്പിളിന് മാര്‍ക്കറ്റില്‍ നല്ലവില ലഭിക്കില്ല എന്നും അവര്‍ പരിഭവങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. അതേസമയം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഗ്രഹണ്‍ നിവാസികള്‍ ബോധവാന്‍മാരാണ്. വിനോദ സഞ്ചാരികളെയും കൊണ്ട് വാഹനങ്ങള്‍ കാടിനുള്ളിലേക്ക് കടന്നുവരാന്‍ തുടങ്ങിയ ശേഷം അന്തരീക്ഷമലിനീകരണം കൂടിയെന്നും അത് കൃഷിയെ സാരമായി ബാധിക്കുന്നതായും ചിലര്‍ പറയുന്നുണ്ടായിരുന്നു.
സഞ്ചാരികള്‍ക്ക് താമസത്തിനായി ഇവിടെ ആപ്പിള്‍ തോട്ടങ്ങള്‍ക്ക് നടുവിലായി ഗ്രാമവാസികള്‍ നടത്തുന്ന ഹോംസ്റ്റേകള്‍ ധാരാളമുണ്ട്. പ്രാദേശികമായ ഭക്ഷണവും അവിടെ ലഭ്യമാണ്.
![]() |
| തടിയില്‍ നിര്‍മ്മിച്ച ഹോംസ്റ്റേ |
അത്തരത്തിലൊരു ഹോംസ്റ്റേയിലേക്ക് ഞങ്ങള്‍ കടന്നു. തടികൊണ്ട് ഇരുനിലകളിലായി നിര്‍മ്മിച്ച വീട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള മുറികള്‍. തണുപ്പ് പ്രതിരോധിക്കാനായി കമ്പിളി പോലുള്ള കട്ടിയുള്ള തുണികള്‍ നിലത്ത് വിരിച്ചിട്ടുണ്ട്. ജനാലകള്‍ മനോഹരമായ പര്‍വ്വത കാഴ്ച്ചകളിലേക്കാണ് തുറക്കുന്നത്. മൊബൈല്‍ റെയ്ഞ്ചില്ലാത്ത സ്ഥലമാണെങ്കില്‍ കൂടി ഹോംസ്റ്റേകളില്‍ വൈഫൈ കണക്ഷന്‍ ലഭ്യമാണ്.
![]() |
| ഞങ്ങള്‍ - രാജീവ്, അനുരഞ്ജ്, ബിനുകുമാര്‍, ശ്രീജിത്ത്, സജു - ഹോം സ്റ്റേയില്‍ |
![]() |
| ഗ്രഹണിലെ ക്ഷേത്രം |
ക്ഷേത്രമുറ്റത്തുനിന്നും ഗ്രഹണിലെ ഒരേയൊരു സര്‍ക്കാര്‍ സ്ഥാപനമായ പ്രൈമറി സ്കൂളിലേക്കാണ് പോയത്. തകര ഷീറ്റുകള്‍ മേഞ്ഞ നീളന്‍ കെട്ടിടങ്ങളിലായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പ്രശാന്തമായ അന്തരീക്ഷത്തില്‍ സ്കൂളിലെ വരാന്തയിലും മുറ്റത്തുമിരുന്ന് കുറച്ചു കുട്ടികള്‍ പഠിക്കുന്നതുകണ്ടു. അതേസമയം കുറച്ചുപേര്‍ സ്കൂള്‍ മുറ്റത്തും പരിസരങ്ങളിലുമായി കലപില കൂട്ടി കളിച്ചു നടക്കുകയാണ്.
മറ്റുചിലര്‍ സ്കൂള്‍ കെട്ടിടത്തിന് പുറകിലായുള്ള അല്‍പം സ്ഥലത്ത് ഫുട്ബോള്‍ കളിക്കുന്ന തിരക്കിലാണ്. വാശിയേറിയ ആ മത്സരം അല്‍പസമയം കണ്ടുനിന്ന ശേഷം ഞങ്ങള്‍ മുന്നോട്ട് നടന്നു. ജഗത് പാല്‍ എന്ന അദ്ധ്യാപകനെ കണ്ട് സംസാരിച്ചു. അദ്ദേഹം ഗ്രാമത്തിന് പുറത്തു നിന്നും വരുന്നയാളാണ്. ഒരാഴ്ച്ച ഗ്രഹണില്‍ തങ്ങിയ ശേഷമാണ് നാട്ടിലേക്ക് പോകുന്നതത്രേ. കുട്ടികള്‍ പഠിക്കാന്‍ മിടുക്കരാണെന്നും, എന്നാല്‍ ആധുനിക പഠനസൗകര്യങ്ങളുടെ അപര്യാപ്തത അവരെ പിന്നോട്ടടിക്കുന്നുവെന്നും പ്രൈമറി വിദ്യാഭ്യാസകാലം കഴിഞ്ഞ് തുടര്‍ പഠനത്തിനായി കുട്ടികള്‍ കസോളിലേക്ക് പോകേണ്ടതുണ്ടെന്നും, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത ഗ്രഹണിലെ കുട്ടികളുടെ പഠനത്തെയും സാരമായി ബാധിക്കുന്നതായും അദ്ദേഹം പരിഭവം പറഞ്ഞു.
![]() |
| ഗ്രഹണിലെ സ്കൂള്‍ കെട്ടിടം |
പ്രൈമറി സ്കൂള്‍ പരിസരത്ത് നിന്നും മുകളിലെ കൃഷിയിടങ്ങളിലേക്കുള്ള കയറ്റം കയറുമ്പോഴാണ് ആപ്പിള്‍ മരങ്ങള്‍ക്ക് വളമിടാന്‍ പോകുകയായിരുന്ന ദേവ്റാമിനെ പരിചയപ്പെട്ടത്. ആശുപത്രി സൗകര്യത്തിന്‍റെ അപര്യാപ്തയാണ് ഗ്രഹണ്‍ നിവാസികള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അയാളോട് സംസാരിക്കുമ്പോഴാണ് മനസ്സിലായത്. ഏറ്റവും അടുത്ത ആശുപത്രി കസോളിലാണ് സ്ഥിതിചെയ്യുന്നത്. അടിയന്തിരമായ ചികിത്സ നല്‍കേണ്ട അസുഖബാധിതരെയും, പരിക്ക് പറ്റുന്നവരെയും കട്ടിലില്‍ കിടത്തി തലച്ചുമടായി എടുത്ത് ദുഷ്ക്കരമായ കാട്ടുവഴികളിലൂടെ മലയിറങ്ങി അടിവാരത്തിലേക്ക് കൊണ്ടുപോകേണ്ടിവരുന്നത് അവരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്.
ഒരു കാര്യം പറയാതെവയ്യ. മനോഹരമായ ഗ്രാമക്കാഴ്ച്ചകളുടെ വിശുദ്ധിയും, സമാനതകളില്ലാത്ത ജീവിത അനുഭവങ്ങളുമാണ് നാഗരികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ കൊച്ചു ഹിമാലയന്‍ ഗ്രാമവും അവിടത്തെ നിഷ്ക്കളങ്കരായ മനുഷ്യരും ഞങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയത്. എല്ലാ വിധ സുഖ സൗകര്യങ്ങളുടെയും, ആഢംബരങ്ങളുടെയും നാട്ടില്‍ നിന്നും മനോഹരമായ ഹിമാലയന്‍ കാഴ്ച്ചകള്‍തേടി വിരുന്നു വരുന്ന സഞ്ചാരികള്‍ക്ക് അത്യാവശ്യ ഗതാഗത സൗകര്യങ്ങളോ, ആശുപത്രിയോ, മികച്ച പഠന സൗകര്യങ്ങളോ പോലുമില്ലാത്ത ഒരു ഗ്രാമത്തില്‍, പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവിടത്തെ മനുഷ്യര്‍ കഠിനാധ്വാനം കൊണ്ട് രൂപപ്പെടുത്തിയ സ്വയം പര്യാപ്തമായ ജീവിത സാഹചര്യങ്ങളെ അത്ഭുതാദരങ്ങളോടെയല്ലാതെ നോക്കിക്കാണാന്‍ കഴിയില്ല.
വൈകുന്നേരമായി. അസ്തമനത്തിനായി തിടുക്കം കൂട്ടുന്ന സൂര്യന്‍റെ ചെങ്കതിര്‍ ഗ്രാമത്തെയാകെ മൂടുകയായി. ശാന്തസുന്ദരമായ ഗ്രഹണ്‍ ഗ്രാമത്തിന്‍റെ ഹൃദയം തൊട്ടറിഞ്ഞ്, ആ ദൃശ്യഭംഗി ആവോളം നുകര്‍ന്ന്, സഞ്ചാരത്തിന്‍റെ പുസ്തക താളുകളില്‍ സ്നേഹത്തിന്‍റെയും, സമാധാനത്തിന്‍റെയും, നിഷ്ക്കളങ്കതയുടെയും, കഠിനാധ്വാനത്തിന്‍റെയും, സ്വയംപര്യാപ്തതയുടെയും ഒരു പുത്തന്‍ അധ്യായം കൂടി എഴുതിച്ചേര്‍ത്ത ശേഷം, ഓരോ യാത്രയും ഓരോ ജീവിത അനുഭവങ്ങളാണെന്ന തിരിച്ചറിവോടെ, വീണ്ടുമൊരിക്കല്‍ കൂടി ഈ മാസ്മരിക ഭൂമിയിലേക്ക് ചേക്കേറാന്‍ കൊതിക്കുന്ന മനസ്സോടെ ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങള്‍ക്ക് കൂട്ടായി പാര്‍വ്വതീ പര്‍വ്വതശിഖരങ്ങളില്‍ നിന്നും കടന്നുവന്ന തണുത്ത കാറ്റിന് അനിര്‍വചനീയമായ ഏതോ ദിവ്യസുഗന്ധമുണ്ടായിരുന്നു.













.jpg)



















